കൊല്‍ക്കത്ത: 'ജയ് ശ്രീ റാം' വിളിച്ച് എത്തിയ എട്ട് പേരടങ്ങുന്ന സംഘം ബംഗാളിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രാര്‍ത്ഥനയ്ക്കായി എത്തിയവര്‍ ചിതറിയോടിയതോടെ പള്ളിയിലെ വസ്തുക്കളും ഇവര്‍ അടിച്ച് തകര്‍ത്തിരുന്നു. 

കൊല്‍ക്കത്തയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ഈസ്റ്റ് മിഡ്നാപൂരിലെ ഭഗ്‍വാന്‍പൂരില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. പള്ളിയിലെ വൈദികന്‍ അലോക് ഘോഷ് നല്‍കിയ പരാതിയില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. ആക്രമണം നടത്തിയ എട്ട് പേര്‍ ബിജെപി ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നാണ് വൈദികന്‍റെ പരാതിയില്‍ പറയുന്നത്. 

ഒഡീഷ, മധ്യപ്രദേശ്, ദില്ലി അടക്കം ഇന്ത്യയിലുടനീളം ക്രിസ്ത്യന്‍ പള്ളികളില്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബംഗാളില്‍ ഇത് ആദ്യത്തെ സംഭവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച ഉച്ചയോടെ വിശ്വാസികള്‍ പള്ളിയിലെത്തിയതും സമീപത്തുനിന്ന് രണ്ട ബോംബുകള്‍ പൊട്ടി. ആളുകള്‍ ഇറങ്ങിയോടിയതോടെ സംഘം പള്ളിയില്‍ കയറി കസേരകള്‍, മേശകള്‍, ജനാലകള്‍, മൈക്രോഫോണുകള്‍ എന്നിവ തല്ലിത്തകര്‍ക്കുകയായിരുന്നു. അതേസമയം പള്ളിയില്‍ ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ബിജെപി  നേതൃത്വം പറഞ്ഞു.