ജമ്മു: ജമ്മു കശ്മീരിലെ നഗോർട്ടയിൽ പൊലീസും ഭീകരരും തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്. നാഗോര്‍ട്ടയിലെ ഒരു ടോള്‍ പ്ലാസയില്‍ ഉണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരെ ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

വാഹന പരിശോധനയ്‍ക്കായി നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം. വെടിവെപ്പില്‍ ഒരു പൊലീസുകാരനും പരിക്ക് പറ്റിയിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീനഗറിലേക്കുള്ള യാത്രയിലായിരുന്നു ഭീകരരെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങി.