മുംബൈ: തെറ്റിദ്ധരിപ്പിച്ചാണ് അജിത് പവാർ ഗവർണറുടെ അടുക്കലെത്തിച്ചതെന്ന് എൻസിപി എംഎൽഎ രാജേന്ദ്ര ഷിംഗാനെ. ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് അജിത് പവാർ രാജ് ഭവനിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ഷിംഗാനെ ശരത് പവാറിനൊപ്പം വാർത്താ സമ്മേളനത്തിലെത്തി വിശദീകരിച്ചു. ഷിംഗാനെക്ക് പുറമേ മറ്റ് രണ്ട് എംഎൽഎമാർ കൂടി ശരത് പവാറിനും ഉദ്ദവ് താക്കറെയ്ക്കുമൊപ്പം വാർത്താ സമ്മേളനത്തിനെത്തി. എംഎൽഎമാർ നേരത്തെ ഒപ്പിട്ട ലിസ്റ്റ് അജിത് പവാർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് ശരത് പവാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 

ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് അജിത് പവാർ വിളിച്ചു വരുത്തകയായിരുന്നുവെന്നാണ് ഇവരുടെ വിശദീകരണം. മറ്റ് രണ്ട് എംഎൽമാരോടൊപ്പം രാജ്യസഭയിലെത്തി അവിടെ എത്തിയ ശേഷമാണ് അജിത് പവാറിന്‍റെ നീക്കം മനസിലായത്. നടക്കുന്നത് സത്യപ്രതിജ്ഞയാണെന്ന് തിരിച്ചറിഞ്ഞ ഉടനെ താൻ ശരത് പവാറിനടുത്തേക്ക് തിരിച്ചുവരിയായിരുന്നുവെന്ന് രാജേന്ദ്ര ഷിംഗാനെ വിശദീകരിച്ചു. 

മറ്റ് വിമത എംഎൽമാരും ഉടൻ തിരിച്ചെത്തുമെന്നും അജിത് പവാറിനെ ഉടൻ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റുമെന്നും ശരത് പവാർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. വൈകിട്ട് നാല് മണിക്ക് എംഎൽമാരുടെ യോഗം വിളിക്കുമെന്നാണ് ശരത് പവാർ അറിയിച്ചിരിക്കുന്നത്.