Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗിയായ തമിഴ്നാട് എംഎൽഎയുടെ മൂന്ന് ബന്ധുക്കൾക്കും രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഒരു  ജനപ്രതിനിധി മരിച്ചത് തമിഴ്നാട്ടിലാണ്. ഡിഎംകെയുടെ മുതിർന്ന നേതാവും ചെന്നൈ ചെപ്പോക്ക് എംഎൽഎയുമായ ജെ  അൻപഴകനാണ് ദിവസങ്ങൾക്ക് മുൻപ് കൊവിഡ് ബാധിച്ചു മരിച്ചത്.

three relatives of aiadmk mla palani tested postiive for covid 19
Author
Chennai, First Published Jun 14, 2020, 10:57 AM IST

ചെന്നൈ: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച തമിഴ്നാട് എംഎൽഎയുടെ ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച ശ്രീപെരുമ്പത്തൂർ എംഎൽഎയും എഐഎഡിഎംകെ നേതാവുമായ കെ പളനിയുടെ ബന്ധുക്കൾക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 

പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എംഎൽഎയ്ക്ക് പിന്നീട് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ ആണ് മൂന്ന് പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം ഇപ്പോൾ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എംഎൽഎയുടെ നില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

കെ.പളനിക്ക് എവിടെ നിന്നാണ് കൊവിഡ് ബാധയുണ്ടായത് എന്ന് കണ്ടെത്താനായിട്ടില്ലെന്നും കൊവിഡ് വ്യാപനം അതിശക്തമായ മണ്ഡലത്തിൽ പ്രതിരോധ- ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങിയ എംഎൽഎക്ക് അവിടെ നിന്നാവും കൊവിഡ് ബാധിച്ചതെന്നാണ് നിഗമനമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.  
 
രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഒരു  ജനപ്രതിനിധി മരിച്ചത് തമിഴ്നാട്ടിലാണ്. ഡിഎംകെയുടെ മുതിർന്ന നേതാവും ചെന്നൈ ചെപ്പോക്ക് എംഎൽഎയുമായ ജെ  അൻപഴകനാണ് ദിവസങ്ങൾക്ക് മുൻപ് കൊവിഡ് ബാധിച്ചു മരിച്ചത്. രോഗം സ്ഥിരീകരിച്ച ശേഷം ഒരാഴ്ചയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം മരണപ്പെട്ടത്. 

അൻപഴകൻ്റെ സഹോദരൻ ഉൾപ്പടെ കുടുംബത്തിലെ 3 പേർ കൊവിഡ് ബാധിതരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരിൽ നിന്ന് രോഗം പകർന്നെന്നാണ് നിഗമനം. കണ്ടൈൻമെൻ്റ് സോൺ കൂടുതലുള്ള മേഖലകളിൽ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നതിനാൽ ഇവിടെ നിന്നും രോഗം പകരാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. 

അൻപഴകന് നേരത്തെ കരൾ മാറ്റിവയക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. ഇതോടൊപ്പം കൊവിഡ് ബാധ കൂടിയുണ്ടായതാണ് ആരോഗ്യനില വഷളാവാനും മരണം സംഭവിക്കാനും കാരണമായത് എന്നാണ് ഡോക്ടർമാർ പറയുന്നു. രണ്ടു തവണ ചെപ്പോക്കിലും , ടി നഗറിലെയും എംഎൽഎയുമായിരുന്ന അൻപഴകൻ കരുണാനിധിയുമായും സ്റ്റാലിനുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്ന നേതാവായിരുന്നു. ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അൻപഴകൻ്റെ മൃതദേഹം ചെന്നൈ കോർപ്പറേഷൻ ഏറ്റെടുക്കുകയും ടി നഗറിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios