ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പാര്‍ട്ടിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും മൂന്ന് നേതാക്കള്‍ രാജിവച്ചു. മെഹ്ബൂബയുടെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് രാജി. കശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കാതെ ഇവിടെ ദേശീയ പതാക ഉയര്‍ത്തില്ലെന്ന് മെഹ്ബൂബ  കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

ടി.എസ് ബജ്‌വ, വേദ് മഹാജന്‍, ഹുസൈന്‍ എ വഫ എന്നിവരാണ് പിഡിപിയില്‍നിന്ന് രാജിവച്ചത്. പാര്‍ട്ടി അദ്ധ്യക്ഷയുടെ പ്രസ്താവന തങ്ങളുടെ ദേശ സ്നേഹത്തെ മുറിപ്പെടുത്തിയെന്നാണ് ഇവര്‍ രാജിവച്ചതിന് കാരണമായി പറഞ്ഞത് എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഹ്ബൂബയുടെ ചില നടപടികളോടും ദേശസ്‌നേഹത്തെ മുറിവേല്‍പ്പിക്കുന്ന പരാമര്‍ശങ്ങളോടും യോജിക്കാന്‍ കഴിയുന്നില്ലെന്ന് രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഭരണഘടനയുടെ 370-ാം അനുച്ഛേദ പ്രകാരം ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും പിന്നാലെ മെഹ്ബൂബ അടക്കമുള്ള നിരവധി നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. പൊതുസുരക്ഷാ നിയമപ്രകാരം ആയിരുന്നു നടപടി. 14 മാസം വീട്ടുതടങ്കലില്‍ കഴിഞ്ഞ മെഹ്ബൂബയെ അടുത്തിടെ മോചിപ്പിച്ചത്.

കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ പുനഃസ്ഥാപിക്കാത്തപക്ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ ദേശീയ പതാക ഉയര്‍ത്തുന്നതിനോ തനിക്ക് താത്പര്യമില്ലെന്ന് മെഹ്ബൂബ പ്രസ്താവന നടത്തിയിരുന്നു.