ഒരേ കുടുംബത്തിലെ മൂന്ന് സഹോദരന്മാരാണ് ഇവരെ വിവാഹം കഴിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നും മർദിക്കാറുണ്ടെന്നും ഇവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു.
ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീധന പീഡനത്തെ (Dowry death) തുടർന്ന് ഒരു കുടുംബത്തിലെ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും അടക്കം അഞ്ച് പേർ ആത്മഹത്യ ചെയ്ത നിലയിൽ. മരിച്ചവരിൽ രണ്ട് ഗർഭിണികളും 27 ദിവസം പ്രായമായ പിഞ്ചുകുഞ്ഞും നാല് വയസ്സുകാരനും ഉൾപ്പെടുന്നെന്ന് പൊലീസ് പറഞ്ഞു. കാലു മീണ (25), മംമ്ത (23), കമലേഷ് (20) എന്നീ സ്ത്രീകളാണ് കുട്ടികളെയും കൂട്ടി ആത്മഹത്യ ചെയ്തത്. ദുഡു ജയ്പൂർ ജില്ലയിലെ ചാപിയ ഗ്രാമത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് സഹോദരന്മാരാണ് ഇവരെ വിവാഹം കഴിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നും മർദിക്കാറുണ്ടെന്നും ഇവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു.
"സ്ത്രീധനത്തിന്റെ പേരിൽ എന്റെ സഹോദരിമാരെ സ്ഥിരമായി മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. മെയ് 25 നാണ് ഇവരെ കാണാതായത്. തുടർന്ന് പൊലീസ് സ്റ്റേഷനിലും വനിതാ ഹെൽപ്പ് ലൈനിലും പരാതി നൽകിയെന്നും എന്നാൽ പരാതി ഗൗരവമായി അധികൃതർ കണ്ടില്ലെന്നും ബന്ധു ഹേംരാജ് മീണ പറഞ്ഞു.
തന്റെ വാട്സ് ആപ് സ്റ്റാറ്റസിലാണ് കമലേഷ് ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമാക്കിയത്. "ഞങ്ങൾ പോകുന്നു, സന്തോഷത്തോടെ ഇരിക്കൂ. ഞങ്ങളുടെ മരണത്തിന് കാരണം ഞങ്ങളുടെ ഭർതൃപിതാവാണ്. എല്ലാ ദിവസവും മരിക്കുന്നതിനേക്കാൾ നല്ലത് ഒരിക്കൽ മരിക്കുന്നതാണ്. അതിനാൽ, ഞങ്ങൾ ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു, ഞങ്ങൾ മൂന്ന് പേരും അടുത്ത ജന്മത്തിൽ ഒരുമിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, മരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങളുടെ അമ്മായിയപ്പന്മാർ ഞങ്ങളെ ഉപദ്രവിക്കുന്നു ഞങ്ങളുടെ മരണത്തിന് മാതാപിതാക്കളെ കുറ്റപ്പെടുത്തരുത്- വാട്സ് ആപ് സ്റ്റാറ്റസിൽ കമലേഷ് എഴുതി.
നാല് ദിവസം മുമ്പാണ് അഞ്ച് പേരെ കാണാതായത്. ശനിയാഴ്ച രാവിലെ ദുഡു ഗ്രാമത്തിലെ ഒരു കിണറ്റിൽ നിന്നാണ് എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തത്. യുവതികളുടെ ഭർത്താക്കന്മാർക്കെതിരകെ വിവധ കുറ്റങ്ങൾക്ക് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് മൂന്ന് ഭർത്താക്കന്മാരെയും അമ്മായിയമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
