ജമ്മുകശ്മീരിലെ സൊപ്പോറിൽ തന്ത്രേപുര ഗ്രാമത്തിലാണ് മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചത്. ലഷ്കര്‍ ഇ തയ്ബയുടെ കമാണ്ടര്‍മാരിൽ ഒരാളായ മുദസിര്‍ പണ്ഡിറ്റും കൊല്ലപ്പെട്ടു. 

ദില്ലി: ജമ്മുകശ്മീരിൽ ലഷ്കര്‍ തയ്ബ കമാണ്ടര്‍ മുദസീര്‍ പണ്ഡിറ്റ് ഉൾപ്പടെ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തിന് മൂന്ന് ദിവസം മുമ്പാണ് താഴ്വരയിലെ ഈ ഏറ്റുമുട്ടൽ. ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് വ്യക്തമാക്കിയ ലഫ്. ഗവര്‍ണര്‍ മനോജ് സിൻഹ പ്രദേശം വീണ്ടും വിഭജിക്കുമെന്ന റിപ്പോര്‍ട്ടുകൾ തള്ളി.

ജമ്മുകശ്മീരിലെ സൊപ്പോറിൽ തന്ത്രേപുര ഗ്രാമത്തിലാണ് മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചത്. ലഷ്കര്‍ ഇ തയ്ബയുടെ കമാണ്ടര്‍മാരിൽ ഒരാളായ മുദസിര്‍ പണ്ഡിറ്റും കൊല്ലപ്പെട്ടു. കരസേനയും ജമ്മുകശ്മീര്‍ പൊലീസും സിആര്‍പിഎഫ് സംയുക്തമായി നടത്തിയ നീക്കത്തിലാണ് മൂന്നുപേരെ വധിച്ചത്. അടുത്തിടെ ചില ജനപ്രതിനിധികളെ ഉൾപ്പടെ വധിച്ചതിൽ മുദസീര്‍ പണ്ഡിറ്റിന് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗം വ്യാഴാഴ്ച ചേരാനിരിക്കെയാണ് താഴ്വരയിലെ സംഭവവികാസങ്ങൾ. സര്‍വ്വകക്ഷി യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ടോ എന്നതിൽ നാഷണൽ കോണ്‍ഫറൻസ്, ചര്‍ച്ചകൾ തുടരുകയാണ്. നാളെ അവസാന തീരുമാനം എടുക്കുമെന്ന് ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി. 

ജമ്മുകശ്മീരിന് പൂര്‍ണ സംസ്ഥാന പദവി നൽകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ലെഫ്. ഗവര്‍ണര്‍ മനോജ് സിൻഹ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളും. ജമ്മുകശ്മീരിനെ വീണ്ടും രണ്ട് പ്രദേശങ്ങളാക്കാൻ പോകുന്നു എന്ന സാമൂഹ്യമാധ്യമ പ്രചരണത്തിന് ഒരു അടിസ്ഥാനവും ഇല്ലെന്നും ലെഫ്. ഗവര്‍ണര്‍ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് നടത്തുമെന്ന മുൻ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുക തന്നെ ചെയ്യുമെന്നും മനോജ് സിൻഹ വ്യക്തമാക്കി. പിഡിപി നേതാവ് നൈം അക്തറെയും യോഗത്തിന് മുന്നോടിയായി വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു. മെഹബൂബ് മുഫ്തിയുടെ അമ്മാവൻ സര്‍താജ് അസീസ് ഉൾപ്പടെ രണ്ട് പിഡിപി നേതാക്കളെ കഴിഞ്ഞദിവസം വിട്ടയച്ചിരുന്നു.