ചന്ദ്രപുര്‍: മുപ്പത്തിയഞ്ചടി ഉയരത്തില്‍ നിന്ന് നദിയിലേക്ക് ചാടിയപ്പോള്‍ ലക്ഷ്യം തെറ്റി പാറക്കൂട്ടത്തിനിടയിലേക്ക് വീണ കടുവ ചത്തു. പാറയുടെ ഇടയില് വീണതിനെ തുടര്‍ന്ന് കടുവയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രപുരിന് സമീപമുള്ള സിര്‍ന നദിയിലാണ്  സംഭവം.

ഇരയെ പിടിച്ച് കഴിച്ച ശേഷം പാലത്തില്‍ വിശ്രമിച്ച കടുവ പിന്നീട് നദിയിലേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ കടുവയെ രക്ഷിക്കാനായി കടുവയ്ക്ക് സമീപം കൂട് സ്ഥാപിച്ചെങ്കിലും കടുവ അതില്‍ കയറാത്തതിനാല്‍ രക്ഷപ്പെടുത്താനായില്ലെന്ന് ചീഫ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ എ വി രാമറാവു പറഞ്ഞു. വീഴ്ചയില്‍ കടുവയുടെ നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ടെന്നാണ് നിഗമനം. വിവരം ലഭിച്ച ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനായി അധികൃതര്‍  സംഭവസ്ഥലത്ത് എത്തിയെങ്കിലും രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടന്നില്ല. കടുവയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും രാത്രി സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെയോടെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.