മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ കടുവ ചത്തു. നദിക്കരയിലെ പാറക്കെട്ടില്‍ കുടുങ്ങി പരിക്കേറ്റ കടുവ ചത്തതായി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അറിയിച്ചത്. 

ബുധനാഴ്ച പാലത്തില്‍ നിന്ന് 35 അടി താഴ്ചയിലേക്ക് ചാടിയ കടുവയ്ക്ക് നട്ടെല്ലിന് പരിക്കേറ്റിരുന്നു. ഇതിനെ പിന്നീട് പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കുനഡ ഗ്രാമത്തിലെ സിര്‍ന നദിയിലെ പാറക്കെട്ടിലാണ് കുടുങ്ങിയത്. 

കടുവയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വ്യാഴാഴ്ച രാവിലെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഒരു കാട്ടുമൃഗത്തെ കൊന്നതിന് ശേഷം പാലത്തിനുമുകളില്‍ അല്‍പ്പം വിശ്രമിച്ചാണ് കടുവ നദിയിലേക്ക് ചാടിയത്. 

സംഭവം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. കടുവ അനങ്ങുന്നുണ്ടോ എന്ന് അറിയാന്‍ ഉദ്യോഗസ്ഥര്‍ രാത്രി മുഴുവന്‍ കാവലിരുന്നു. വ്യാഴാഴ്ചയായിട്ടും അനക്കമില്ലാതായതോടെയാണ് ചത്തുവെന്ന് ഉറപ്പായത്.