Asianet News MalayalamAsianet News Malayalam

പൗരത്വനിയമ ഭേദഗതിക്കെതിരെ രംഗോലി വരച്ച് പ്രതിഷേധം; അഞ്ച് പേരെ തടവിലാക്കി തമിഴ്‍നാട് പൊലീസ്

രംഗോലി വരയ്ക്കുന്നത് രാജ്യദ്രോഹമാണെന്ന് ഇന്നാണ് തനിക്ക് മനസ്സിലായതെന്ന് പൊലീസ് നടപടിയെ പരിഹസിച്ച് തൂത്തുക്കുടി എംപി കനിമൊഴി...

tn police detained five for drawing anti-CAA rangoli
Author
Chennai, First Published Dec 29, 2019, 8:45 PM IST

ചെന്നൈ: പൗരത്വമനിയമ ഭേദഗതിക്കെതിരെ രംഗോലി വരച്ച് പ്രതിഷേധിച്ച അഞ്ചോളം പേരെ പിടികൂടി പൊലീസ്. പിടികൂടിയവരില്‍ നാല് പേര്‍ സ്ത്രീകളാണ്. ചെന്നൈയിലാണ് സംഭവം. ഞായറാഴ്ച നഗരത്തിലെ ബെസന്ത് നഗറില്‍ ഇവര്‍ രംഗോലി വരച്ചിരുന്നു. ഗതാഗതതടസ്സമുണ്ടാകുമെന്നും മറ്റെവിടെയെങ്കിലും പോയി പ്രതിഷേധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തിരക്കേറിയ ബസന്ത് നഗറിലെ ബസ്റ്റോപ്പില്‍ തന്നെ രംഗോലി വരയ്ക്കുകയായിരുന്നു. 

''രംഗോലി വരച്ചുള്ള വ്യത്യസ്ത പ്രതിഷേധത്തിന് പൊലീസിനോട് പ്രതിഷേധകര്‍ അനുമതി ചോദിച്ചിരുന്നു. പൊതു നിരത്തില്‍ അവര്‍ക്ക രംഗോലി വരയ്ക്കണമായിരുന്നു. എന്നാല്‍ പൊതുജനങ്ങളെ ബാധിക്കുമെന്നതിനാല്‍ ഞങ്ങള്‍ അനുമതി നിഷേധിച്ചു. പക്ഷേ അവര്‍ രംഗോലി ഇടല്‍ തുടര്‍ന്നു. ഗതാഗത തടസ്സം ഉണ്ടാവാതിരിക്കാന്‍ മാറിപ്പോകന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കേട്ടില്ല'' -  ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

പ്രശ്നം ഒഴിവാക്കുന്നതിനായി മുന്‍കരുതലെന്ന നിലയിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഉച്ചയോടെ അഭിഭാഷകനൊപ്പം ഇവരെ വിട്ടയച്ചുവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം പൊലീസിന്‍റെ നടപടിയെ പ്രതിപക്ഷപാര്‍ട്ടിയായ ഡിഎംകെ ശക്തമാ ഭാഷയില്‍ അപലപിച്ചു. എടപ്പാടി പളനിസാമിയുടെ പൊലീസ് പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് കോലം വരച്ചവരെ തടവിലാക്കിയെന്നും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്ക് എതിരാണ് ഈ നടപടിയെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. 

രംഗോലി വരയ്ക്കുന്നത് രാജ്യദ്രോഹമാണെന്ന് ഇന്നാണ് തനിക്ക് മനസ്സിലായതെന്ന് പൊലീസ് നടപടിയെ പരിഹസിച്ച് തൂത്തുക്കുടി എംപി കനിമൊഴി പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് ജനങ്ങളുടെ പ്രതിഷേധത്തെ തടയാമെന്നാണ് എഐഎഡിഎംകെ സര്‍ക്കാര്‍ കരുതുന്നതെന്ന് എംഡിഎംകെ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ വൈക്കോ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios