ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയിൽ ഇന്നലെ നടന്ന പ്രതിഷേധത്തിൽ 600 ഓളം പേർക്കെതിരെ കേസ്. ലോക്സഭാംഗമായ തോൾ തിരുമാവളവൻ, ടിഎം കൃഷ്ണ, നടൻ സിദ്ധാർത്ഥ്, നിത്യാനന്ദ് ജയറാം തുടങ്ങി 600 ഓളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടത്തിയ പ്രതിഷേധത്തിൽ ഇവർ പങ്കെടുത്തിരുന്നു.

പൊലീസ് വിലക്ക് ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. മദ്രാസ് ഐഐടി, മദ്രാസ് സർവകലാശാല വിദ്യാർത്ഥികൾക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. ചെന്നൈ പൊലീസാണ് കേസ് രജിസ്റ്റർ ചെയതത്.

ഇന്ന് ഉച്ചമുതൽ വിവിധ വിദ്യാർത്ഥികളുടെയും സാംസ്കാരിക പ്രവർത്തകരും ചെന്നൈയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് തൊട്ടുമുൻപാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശബ്ദം അടിച്ചമർത്താനുള്ള സർക്കാർ ശ്രമമെന്ന് കമലഹാസനും, കേസ് രജിസ്റ്റർ ചെയ്താൽ പ്രതിഷേധഘം അവസാനിക്കില്ലെന്ന് ഡിഎംകെ അധ്യക്ഷൻ സ്റ്റാലിനും പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രതിഷേധ കൂട്ടായ്മയാണ് നടത്തിയത്. ഇന്ന് വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം ബിജെപിയുടെ വിശദീകരണ കൂട്ടായ്മ ഇന്നുച്ചയ്ക്ക് ചെന്നൈയിൽ നടക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ എച്ച് രാജയുടെ നേതൃത്വത്തിലാണ് വിശദീകരണ യോഗം.