ദില്ലി: ഗവര്‍ണര്‍ പദവി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ എംപി ലോക്സഭയില്‍ സ്വകാര്യ ബില്‍ സമര്‍പ്പിച്ചു. പൗരത്വ നിയമഭേദഗതി, വാര്‍ഡ് വിഭജനം എന്നീ വിഷയങ്ങളില്‍ കേരള സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇടഞ്ഞു നില്‍ക്കുന്നതിനിടെയാണ് കോൺ‍ഗ്രസ് എംപിയായ ടിഎന്‍ പ്രതാപന്‍ സ്വകാര്യബില്‍ കൊണ്ടു വന്നിരിക്കുന്നത്. 

കേരളം, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ സംസ്ഥാന സർക്കാരുകളും ഗവർണര്‍മാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗവർണ്ണർ പദവി നീക്കം ചെയ്യണമെന്നാണ് പ്രതാപന്‍റെ ബില്ലിൽ ആവശ്യപ്പെടുന്നത്. ചില സംസ്ഥാനങ്ങളിൽ ഗവർണ്ണർമാരുടെ ഇടപെടലുകൾ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നതായും ബില്ലിൽ പ്രതാപന്‍ പറയുന്നു.

ജനാധിപത്യ മാതൃകയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് എതിരെ പല ഗവർണർമാരും ഭരണഘടന വിരുദ്ധമായ ഇടപെടൽ നടത്തുന്നു എന്ന് ടി.എൻ. പ്രതാപൻ എംപി. കേരളവും  പശ്ചിമ ബംഗാളും ഉൾപ്പടെ പല സംസ്ഥാനങ്ങളിലും ഗവർണമാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്നും ഈ സാഹചര്യത്തിൽ ആണ് സ്വകാര്യ ബിൽ സമർപ്പിച്ചതെന്നും പ്രതാപൻ പറഞ്ഞു.