ലഡാക്കിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ ലക്ഷ്യമിട്ട് പുതിയ മദ്യനയത്തിന് അംഗീകാരം നൽകി. ഈ നയപ്രകാരം വിദേശമദ്യമടക്കം ലഭ്യമാകും, കൂടുതൽ വിൽപ്പനശാലകൾ തുറക്കും, ഹോംസ്റ്റേകൾക്കും മദ്യം വിൽക്കാൻ അനുമതി നൽകും. വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചും യുവാക്കളെ വ്യാജമദ്യത്തിൽ നിന്ന് അകറ്റാനുമാണ് ഈ നീക്കം.
ലേ: ലഡാക്കിൽ യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്-ലഹരി ഉപയോഗം തടയുന്നതിനായി വിപ്ലവകരമായ പുതിയ മദ്യനയത്തിന് അംഗീകാരം നൽകി. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയാണ് മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയത്. കർശനമായ നിയന്ത്രണങ്ങളുള്ള മുൻനയത്തിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. ഇതോടെ ലഡാക്കിൽ ഇനി മുതൽ വിദേശമദ്യമടക്കം ലഭ്യമാകും.
മുൻപ് ലഡാക്കിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി ബിയർ, വൈൻ എന്നിവ മാത്രമായിരുന്നു വിൽക്കാൻ അനുമതിയുണ്ടായിരുന്നത്. എന്നാൽ പുതിയ നയപ്രകാരം വിദേശ മദ്യങ്ങളും ഇന്ത്യൻ നിർമ്മിത വിദേശ മദ്യങ്ങളും വിൽക്കാൻ സാധിക്കും. ലഡാക്കിൽ ആകെ 2 മദ്യവിൽപനശാലകൾ മാത്രമാണുണ്ടായിരുന്നത്. ഇ-ലേലം വഴി പുതിയ 20 ഔട്ട്‌ലെറ്റുകൾ കൂടി ആരംഭിക്കും. ലേ നഗരത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന മദ്യലഭ്യത നുബ്ര , ചാങ്താങ്, ഷാം, സൻസ്കർ തുടങ്ങിയ പുതിയ ജില്ലകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും.
ഹോട്ടലുകൾക്ക് പുറമെ ഇനി മുതൽ ഹോംസ്റ്റേകൾക്കും ഗസ്റ്റ് ഹൗസുകൾക്കും ലൈസൻസ് ഫീസ് അടച്ച് റീട്ടെയിലായി മദ്യവിൽപ്പന നടത്താം. കൂടാതെ ഹോട്ടൽ മുറികളിലിരുന്ന് മദ്യപിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. ആദ്യമായി മൈക്രോബ്രൂവറികളോട് കൂടിയ ബിയർ പാർലറുകൾക്കും അനുമതി നൽകും. ലഡാക്കിൽ മദ്യം ലഭ്യമാകാത്തത് മൂലം വിനോദസഞ്ചാരികൾ പുറത്തുനിന്ന് മദ്യം എത്തിക്കുന്നതും, യുവാക്കൾ വ്യാജ മദ്യത്തിലേക്കും മയക്കുമരുന്ന് ശൃംഖലകളിലേക്കും തിരിയുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ മാറ്റം. സന്നദ്ധ സംഘടനകൾ, മത സംഘടനകൾ, മെഡിക്കൽ വിദഗ്ദ്ധർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ലെഫ്റ്റനന്റ് ഗവർണർ തീരുമാനമെടുത്തതെന്നാണ് വിവരം.


