ഒബിസി സമുദായത്തെ അവഹേളിച്ചതിൽ കോടതി ഒരു തീരുമാനമെടുക്കുന്നു. രാഹുൽ​ഗാന്ധി ഇന്ന് പറയുന്നത് കോടതി തെറ്റാണെന്നാണ്. രാജ്യംഭരിക്കുന്നത് ജന്മാവകാശമായാണ് രാഹുൽ കാണുന്നത്. 

ദില്ലി: എംപി സ്ഥാനത്തുനിന്നും അയോ​ഗ്യനാക്കിയതിന് കാരണം രാഹുൽ​ഗാന്ധിയുടെ അഹങ്കാരമാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ഒരു പ്രത്യേക കുടുംബത്തിൽ ജനിച്ചതിനാൽ രാജ്യം ഭരിക്കുന്നത് ജന്മാവകാശമാണെന്നും രാഹുൽ കരുതുന്നതായും മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് രാഹുൽ​ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രം​ഗത്തെത്തിയത്. 

ഒബിസി സമുദായത്തെ അവഹേളിച്ചതിൽ കോടതി ഒരു തീരുമാനമെടുക്കുന്നു. രാഹുൽ​ഗാന്ധി ഇന്ന് പറയുന്നത് കോടതി തെറ്റാണെന്നാണ്. രാജ്യംഭരിക്കുന്നത് ജന്മാവകാശമായാണ് രാഹുൽ കാണുന്നത്. അദ്ദേഹം അവകാശത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ചില കുടുംബങ്ങളിൽ ജനിച്ചാൽ രാജ്യം ഭരിക്കുന്നത് ജന്മാവകാശമാണെന്നാണ് രാഹുൽ കരുതുന്നത്. കോടതിക്കും പാർലമെന്റിനും അപ്പുറമാണ് രാഹുലിന്റെ ചിന്തയെന്നും മന്ത്രി പറഞ്ഞു.

തനിക്കെതിരെ ഒരു കോടതിക്കും വിധി പറയാൻ കഴിയില്ലെന്നാണ് രാഹുൽ ഗാന്ധി കരുതുന്നത്. അയോഗ്യതയ്‌ക്കുള്ള ഭരണഘടനയിലെ വ്യവസ്ഥ തനിക്ക് ബാധകമാക്കേണ്ടതില്ലെന്നും രാഹുൽ കരുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയും കോൺഗ്രസും തങ്ങൾ എല്ലാറ്റിനും മുകളിൽ ആണെന്നാണ് കരുതുന്നത്. തനിക്കെതിരെ എങ്ങനെ കോടതി നടപടി എടുക്കും എന്നാണ് കരുതുന്നത്. പ്രതിപക്ഷം ഒന്നിക്കുന്നത് സ്വാഭാവികമാണ്, അവർ പരിഭ്രമിച്ചിരിക്കുകയാണ്. സവർക്കർ എന്താണ് എഴുതിയത് എന്ന് രാഹുൽ പഠിക്കണമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു. 

അതേസമയം, ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിന് പിന്നാലെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാന്‍ ഓഫീസിലുള്ളവര്‍ക്ക് രാഹുൽ ഗാന്ധി നിർദ്ദേശം നല്‍കി. വീട്ടു സാധനങ്ങൾ ഫാം ഹൗസിലേക്ക് മാറ്റാനാണ് തീരുമാനം. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് തന്‍റെ ഓഫീസിലുള്ളവർക്ക് നിർദ്ദേശം നല്കിയത്.

'സ്വയം അഴിമതി വിരുദ്ധനെന്ന് വിളിക്കുന്നത് മോദി നിർത്തണം'; മോദിയോട് മൂന്നു ചോദ്യങ്ങൾ ആവർത്തിച്ച് ഖാർ​ഗെ

എല്ലാം പായ്ക്ക് ചെയ്ത് വെക്കണമെന്നാണ് രാഹുല്‍ ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭ ഹൗസിംഗ് കമ്മിറ്റി രാഹുലിന് വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് കഴിഞ്ഞ ദിവസം ലോക്സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തില്‍ രാഹുല്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നാല് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ അവിടെ ചെലവഴിച്ച സമയത്തിന്‍റെ സന്തോഷകരമായ ഓർമ്മകൾക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ കുറിച്ചു.