മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറി തള്ളി എൻസിപി നേതാവ് ശരത് പവാര്‍. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം അജിത് പവാറിന്‍റെ വ്യക്തിപരമായ തീരുമാനമാണെന്ന പ്രതികരണവുമായി ശരത് പവാര്‍ രംഗത്തെത്തി. വ്യക്തിപരമായ തീരുമാനം ആണെന്നും എൻസിപിയുടെ അറിവോടെ അല്ല അജിത് പവാറിന്‍റെ നീക്കമെന്നാണ് ശരത് പവാറിന്‍റെ ട്വീറ്റ് 

ശിവസേനയെയും കോൺഗ്രസിനെയും ഞെട്ടിച്ച് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് മണിക്കൂറിന് ശേഷമാണ് ശരത് പവാറിന്‍റെ പ്രതികരണം. എൻസിപി നേതാവും ശരത് പവാറിന്‍റെ അനന്തരവനുമായ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു . ഇന്ത്യൻ രാഷ്ട്രീയം ഇത് വരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ അട്ടിമറിയാണ് ബിജെപി ഒറ്റ രാത്രി കൊണ്ട് നടത്തിയത്. എന്നാൽ അജിത് പവാറിന്‍റേത് വ്യക്തിപരമായ തീരുമാനം മാത്രമാണെന്ന് ശരത് പവാര്‍ പ്രതികരിക്കുമ്പോൾ എൻസിപിയിൽ പിളര്‍പ്പിന്‍റെ സൂചനകൂടിയാണ് പുറത്ത് വരുന്നത്. 

ശരത് പവാറിന്‍റെ കുടുംബത്തിൽ നേരത്തെ തന്നെ ഉണ്ടായിരുന്ന രാഷ്ട്രീയ ഭിന്നതയാണ് മറനീക്കി പുറത്ത് വരുന്നത് എന്നും വിലയിരുത്തലുണ്ട്. ശരത് പവാറിന്‍റെ പിൻഗാമിയെന്ന നിലയിൽ അജിത് പവാര്‍ പെരുമാറുന്നത് സുപ്രിയ സുലെ അടക്കമുള്ളവരുമായി അധികാര തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. അതേ സമയം എൻസിപിയെ കാത്തിരിക്കുന്നത് പിളര്‍പ്പാണോ അതോ ഇപ്പോ വ്യക്തിപരമായ തീരുമാനം മാത്രമെന്ന് തള്ളിക്കളഞ്ഞ സഖ്യത്തോട് ശരത് പവാര്‍ അനുകൂലമായി പ്രതികരിക്കമോ എന്ന കാര്യത്തിലെല്ലാം വരും ദിവസങ്ങളിൽ വ്യക്തത വരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.