ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളുടെ പ്രവൃത്തി ശരിയാണോ തെറ്റാണോ എന്ന് പ്രതിഷേധക്കാര്‍ ആത്മപരിശോധന നടത്തണമെന്ന് മോദി പറഞ്ഞു. ലഖ്നൗവില്‍ എ ബി വാജ്പേയി മെഡിക്കല്‍ സര്‍വ്വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

'ഉത്തര്‍പ്രദേശില്‍ ആക്രമണം നടത്തിയവര്‍ അവര്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് വീട്ടിലിരുന്ന് ആത്മപരിശോധന നടത്തണം. ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്വത്താണ് ഇവര്‍ നശിപ്പിച്ചത്'- മോദി പറഞ്ഞു. സുരക്ഷിതമായ അന്തരീക്ഷം എല്ലാവരുടെയും അവകാശമാണ്. ക്രമസമാധാന നിയമങ്ങള്‍ പാലിക്കുകയെന്നത് കടമയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം പ്രതിഷേധക്കാരില്‍ നിന്ന് നഷ്ടം ഈടാക്കുന്നതിന്‍റെ ഭാഗമായുള്ള നടപടികള്‍ രാംപുര്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു.