ദില്ലി: വിവാദമായ റാഫേല്‍ കരാറിലെ ആദ്യത്തെ റഫേല്‍ യുദ്ധവിമാനം ഇന്ത്യ ഇന്ന് സ്വീകരിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ മൂന്ന് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശന വേളയിലാണ് ആദ്യ റഫേല്‍ യുദ്ധവിമാനം സ്വീകരിക്കുന്നത്. റാഫേല്‍ യുദ്ധവിമാനം ഇന്ത്യയിലെത്തുന്നതില്‍ എല്ലാവരും സംതൃപ്തിയിലാണ്. ഈ വേളയില്‍ എല്ലാവരും സാക്ഷികളാകണമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്ര ബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.  ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 87ാം വ്യോമസേന ദിനത്തിലാണ് ഇന്ത്യ റഫേല്‍ വിമാനം ഏറ്റുവാങ്ങിയത്. 

യുദ്ധവിമാനം ഏറ്റുവാങ്ങിയ ശേഷം പ്രതിരോധ മന്ത്രി ശസ്ത്ര പൂജ നടത്തിയേക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. കരാര്‍ പ്രകാരം നിര്‍മിക്കുന്ന 36 വിമാനങ്ങളിലെ ആദ്യ ബാച്ചായ നാല് വിമാനങ്ങള്‍ അടുത്ത വര്‍ഷം മേയില്‍ മാത്രമാണ് ഇന്ത്യയിലെത്തുക. വിമാനം കൈമാറുന്നതിന്‍റെ ഭാഗമായി ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥരും പ്രതിരോധ മന്ത്രിക്കൊപ്പം ഫ്രാന്‍സിലെത്തിയിട്ടുണ്ട്. 

2016ലാണ് ഇന്ത്യ റഫേല്‍ യുദ്ധവിമാനക്കരാര്‍ ഫ്രാന്‍സുമായി ഒപ്പിട്ടത്. കരാര്‍ പ്രകാരം 36 വിമാനങ്ങള്‍ ഫ്രാന്‍സ് ഇന്ത്യക്ക് നിര്‍മിച്ച് നല്‍കും.  കരാറിനെ തുടര്‍ന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണം ഉന്നയിച്ചിരുന്നു. കൂടിയ വിലക്കാണ് വിമാനങ്ങള്‍ വാങ്ങുന്നതെന്നും പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ തഴഞ്ഞ് അനില്‍ അംബാനിയുടെ കടലാസ് കമ്പനിയെ ഫ്രഞ്ച് ആയുധ നിര്‍മാണ കമ്പനിയായ ദാസോള്‍ട്ടുമായി നിര്‍മാണ പങ്കാളിയാക്കിയെന്നും ആരോപണം ഉയര്‍ന്നു. 59000 കോടിയുടെ കരാറില്‍ 30000 കോടിയാണ് അഴിമതി ആരോപിച്ചത്.