ഉപ്പ് ചേർക്കുന്നതിനെക്കുറിച്ച് ഉപദേശം നൽകിയപ്പോൾ തന്റെ പാചക മികവിനെ ചോദ്യം ചെയ്തതായാണ് സുഹൃത്തിന് തോന്നിയത്.
ന്യൂഡൽഹി: കറിയിൽ ഉപ്പ് ചേർത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ദക്ഷിണ ദില്ലിയിലെ അമർ കോളനിയിലാണ് കഴിഞ്ഞ ദിവസം 30 വയസുകാരൻ കൊല്ലപ്പെട്ടത്. ഒരുമിച്ച് താമസിക്കുകയായിരുന്ന സുഹൃത്തും സഹജോലിക്കാരനുമായ യുവാവാണ് ഇയാളെ കുത്തിക്കൊന്നത്. താമസ സ്ഥലത്ത് കറി ഉണ്ടാക്കുന്നതിനിടെ ഉപ്പ് ചേർക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പറഞ്ഞതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
ഉത്തർപ്രദേശിലെ ഉന്നാവ് സ്വദേശിയായ രാകേഷ് ആണ് കൊല്ലപ്പെട്ടത്. ഇതേ ഗ്രാമത്തിൽ നിന്നു തന്നെയുള്ള ലാൽജി എന്നയാളാണ് കുപ്പിയുടെ ഭാഗം കൊണ്ട് രാകേഷിനെ കുത്തിക്കൊന്നത്. ഇരുവരും കെട്ടിട നിർമാണ ജോലികൾക്കായാണ് യുപിയിൽ നിന്ന് ഡൽഹിയിൽ എത്തിയത്. താമസ സ്ഥലത്തുവെച്ച് ഭക്ഷണം ഉണ്ടാക്കുന്നതിനിടെ ഉപ്പ് ചേർക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് രാകേഷ് ലാൽജിയോട് പറഞ്ഞു. തന്റെ പാചകത്തിലുള്ള കഴിവ് സുഹൃത്ത് ചോദ്യം ചെയ്തതായാണ് ലാൽജി ഇത് മനസിലാക്കിയത്. പ്രകോപിതനായ ലാൽജി ഗ്ലാസ് കഷണമെടുത്ത് രാകേഷിനെ കുത്തി കൊല്ലുകയായിരുന്നു.
രാത്രി 9.35ഓടെയായിരുന്നു സംഭവം. അടുത്ത് താമസിച്ചിരുന്ന മറ്റ് തൊഴിലാളികളാണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ ഒരാൾ ചലനമറ്റ് കിടക്കുന്നതും മറ്റൊരാൾ അടുത്ത് തന്നെ നിൽക്കുന്നതുമാണ് കണ്ടത്. രാകേഷിന്റെ ശരീരത്തിൽ നിരവധി സ്ഥലങ്ങളിൽ കുത്തേറ്റിരുന്നു. ആഴത്തിലുള്ള മുറിവുകൾ തന്നെയാണ് മരണ കാരണമായതെന്നാണ് നിഗമനം.
സംഘർഷത്തിൽ ലാൽജിക്കും പരിക്കേറ്റിരുന്നു. ഇയാലുടെ വയറ്റിലും തുടയിലുമാണ് മുറിവേറ്റത്. ലാൽജിയെ പൊലീസ് ദില്ലി എയിംസിലേക്ക് മാറ്റി. അവിടെ ശസ്ത്രക്രിയക്കും വിധേയമാക്കി. ഇയാളുടെ ആരോഗ്യനില തൃപ്തികരണമാണെന്ന് പൊലീസ് പറഞ്ഞു. ഇപ്പോൾ പ്രതി പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ തന്നെ കഴിയുകയാണ്.


