ദില്ലി: ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്റർ ഇന്ത്യയുടെ ദില്ലിയിലെ ഓഫീസുകളിൽ ദില്ലി പൊലീസ് സ്പെഷ്യൽ സെൽ പരിശോധന. ഗുഡ്ഗാവ്, ദില്ലി ഓഫീസുകളിലാണ് പരിശോധന. നേരത്തെ ബിജെപി വക്താവ് സാംബിത് പാത്ര കോൺഗ്രസ് ടൂൾ കിറ്റ് എന്ന പേരിൽ പ്രചരിപ്പിച്ച കത്തിന് ട്വിറ്റർ മാനിപുലേറ്റഡ് മീഡിയ ടാഗ് കൊടുത്തിരുന്നു. ഇതിൽ വിശദീകരണം ചോദിച്ച് സ്പെഷ്യൽ സെൽ ട്വിറ്റർ ഇന്ത്യയ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസുകളിൽ പൊലീസ് സംഘമെത്തിയത്. 
 

 

എന്നാൽ പരിശോധന അല്ലെന്നാണ് ദില്ലി പൊലീസ് വിശദീകരിക്കുന്നത്.  നോട്ടീസ് നൽകാനാണ് പോയതെന്നും നോട്ടീസ് ആർക്ക് നല്കണമെന്ന് അന്വേഷിക്കുകയാണ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര സർക്കാരിന്‍റെയും പ്രതിച്ഛായ മോശമാക്കാൻ കോൺഗ്രസ് ടൂൾകിറ്റ് ഉണ്ടാക്കി എന്ന ആരോപണമുന്നയിച്ചുള്ള ബിജെപി വക്താവ് സംബിത് പാത്രയുടെ ട്വീറ്റാണ് വ്യാജരേഖയാണെന്ന് ട്വിറ്റർ രേഖപ്പെടുത്തിയത്. കോൺഗ്രസിന്‍റെ ലെറ്റർഹെഡിലുള്ള ഒരു പ്രസ്താവനയുടെ ചിത്രമായിരുന്നു സംബിത് പാത്ര ട്വിറ്ററിൽ പങ്കുവച്ചത്.