മുംബൈ: തന്‍റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറയുന്നതായും ശരദ് പവാറിന്‍റെ മകളും എന്‍സിപി എംപിയുമായ സുപ്രിയ സുലെ. മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയെയും സർക്കാർ രൂപീകരണത്തെയും എതിർത്ത് കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നിവര്‍ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സുപ്രിയയുടെ പ്രതികരണം. 

'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ദിവസങ്ങളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നവര്‍ക്ക് നന്ദി അറിയിക്കുന്നു. അവസാനം മൂല്യങ്ങള്‍ വിജയിക്കും. സത്യസന്ധതയും കഠിനാദ്ധ്വാനവും ഒരിക്കലും പാഴാകില്ല. ആ പാത ബുദ്ധിമുട്ട് നിറഞ്ഞതാണ് എന്നാല്‍ വളരെക്കാലം നിലനില്‍ക്കും'- സുപ്രിയ സുലെ വാട്‍സാപ്പ് സ്റ്റാറ്റസിലൂടെ വെളിപ്പെടുത്തിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിയും കുടുംബവും പിളര്‍ന്നതായി സുപ്രിയ സുലെ ഇന്നലെ അറിയിച്ചിരുന്നു. എന്‍സിപിയിലുണ്ടായ അപ്രതീക്ഷിത പിളര്‍പ്പിന്‍റെ ആഘാതത്തിലാണ് സുപ്രിയ എന്ന് സൂചിപ്പിക്കുന്നതാണ് അവരുടെ വാട്സാപ്പ് സ്റ്റാറ്റസുകള്‍.