ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞു 11 വിനോദസഞ്ചാരികൾ മരിച്ചു . മുപ്പതോളം പേരെ കാണാതായി.  25 പേരെ രക്ഷപ്പെടുത്തി.  

ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് ഗോദാവരി നദിയിൽ ബോട്ടപകടം ഉണ്ടായത്.  52 വിനോദസഞ്ചാരികളും 11 ജീവനക്കാരുമാണ് റോയൽ വസിഷ്ഠ എന്ന ബോട്ടിൽ ഉണ്ടായിരുന്നത്. ഈസ്റ്റ് ഗോദാവരിയിലെ പ്രസിദ്ധമായ ഗണ്ടി പഞ്ചമ്മ ക്ഷേത്രത്തിൽ നിന്ന് പാപികുണ്ഡല മലനിരകളിലേക്കായിരുന്നു യാത്ര. കച്ചലൂരു എന്ന സ്ഥലത്തെത്തിയപ്പോൾ ബോട്ട് മറിയുകയായിരുന്നു.

ഇരുപതിൽ താഴെയാളുകള്‍ മാത്രമേ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുള്ളൂ എന്നാണ് വിവരം.  40 പേരെ മാത്രം കയറ്റാൻ ശേഷിയുള്ളതായിരുന്നു സ്വകാര്യ ഏജൻസിയുടെ ബോട്ട് എന്ന് പറയപ്പെടുന്നു.  കനത്ത മഴയെത്തുടർന്ന് ഡാമുകൾ തുറന്നതിനാൽ ഗോദാവരി നദി ദിവസങ്ങളായി കരകവിഞ്ഞു ഒഴുകുകയാണ്. ഏറെ നേരത്തേ തിരച്ചിലിനു ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദേശീയ ദുരന്ത നിവാരണ സേനക്കൊപ്പം നാവിക സേനയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

ഹൈദരാബാദ്, കാക്കിനട എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്.  സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായധനം നൽകും. ഗോദാവരി നദിയിലെ മുഴുവൻ ബോട്ട് സർവ്വീസും നിർത്തിവെക്കാനും  ഉത്തരവിട്ടിട്ടുണ്ട്. 

നദിയിൽ ഒഴുക്ക് ശക്തമായതിനെ തുടർന്ന് ടൂറിസം വകുപ്പ് ബോട്ട് സർവീസ് നിർത്തിയിരുന്നു. എന്നാൽ സ്വകാര്യ ഏജൻസികൾ ഇത് തുടർന്നു. സർവ്വീസിന് അനുമതി നൽകിയ കാര്യം അന്വേഷിക്കുമെന്ന് ടൂറിസം മന്ത്രി ശ്രീനിവാസ റാവു പറഞ്ഞു.