ജമ്മു: ജമ്മുകശ്മീരിലെ വിനോദസഞ്ചാരത്തിനുള്ള വിലക്ക് ഈ വ്യാഴാഴ്ച നീക്കും. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്‍റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുമായി ബന്ധപ്പെട്ടുള്ള സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ വിനോദ സഞ്ചാരികള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്.

പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ കശ്മീരില്‍ വ്യാപകമായ നിയന്ത്രണങ്ങളുണ്ടാിയരുന്നു. പലനിയന്ത്രണങ്ങളും എടുത്ത് കളഞ്ഞെങ്കിലും മൊബൈല്‍, ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ വലിയ രീതിയില്‍ ഇപ്പോഴും നിയന്ത്രിക്കപ്പെടുന്നുണ്ട്.

നേരത്തെ കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികൾ കേള്‍ക്കുന്നത് ഭരണഘടനാ ബഞ്ച് നവംബർ പതിനാലിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് എന്‍വി രമണ, സ‍ഞ്ജയ് കിഷന്‍ കൗള്‍, സുഭാഷ് റെഡ്ഡി, ബിആര്‍ ഗവി, സൂര്യഗാവ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് കശ്മീര്‍ വിഷയം പരിഗണിക്കുന്നത്.

സിപിഎം നേതാവ് എംവൈ തരിഗാമി അടക്കമുള്ള കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കെതിരെ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. ജമ്മുകശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയതിനും രണ്ടായി വിഭജിക്കുന്നതിനും എതിരെയുള്ള ഹർജികളാണ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നത്.