പ്രതിഷേധകരെ തടയാന്‍ മിക്കയിടങ്ങളിലും പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തതോടെ രാജ്യതലസ്ഥാനം ഗതാഗതക്കുരുക്കിലാണ്
ദില്ലി: പൗരത്വഭേദഗതി നിയമത്തിനെതിരെ മുന്‍കൂട്ടി നിശ്ചയിച്ച പ്രതിഷേധങ്ങള്‍ നടക്കുന്നതിനാല്‍ പൊലീസ് തീര്‍ത്ത ബാരിക്കേഡില്‍ കുടുങ്ങി ദില്ലിയിലെ ഗതാഗതം. രാവിലെ മുതല്‍ രാജ്യതലസ്ഥാനം ഗതാഗതക്കുരുക്കിലാണ്. ദില്ലി - ഗുരുഗ്രാം അതിര്‍ത്തിയിലാണ് ഗതാഗതക്കുരുക്ക് കൂടുതലായും അനുഭവപ്പെടുന്നത്.
അതേസമയം ചെങ്കോട്ടയ്ക്ക് സമീപം ആളുകള്‍ കൂടുന്നത് നിരോധിച്ച് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധം അരംഭിക്കുന്നിടത്തേക്ക് എത്തിയ പ്രതിഷേധകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇടതുപാര്‍ട്ടികള്‍ ആഹ്വാനെ ചെയ്ത മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആളുകള്‍ രഹസ്യമായി നീങ്ങുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഓരോ കാറും പരിശോധിക്കുന്നുണ്ടെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു.
നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും പ്രതിഷേധകര്‍ പിന്മാറാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ നിയമം തെറ്റിക്കാന്‍ അനുവധിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടി മന്ദി ഹൗസില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് നടത്തുന്ന മാര്‍ച്ചിന് അനുമതിയില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു.
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം നടക്കുകയാണ്. ബംഗളുരുവില്‍ ചരിത്രകാരന്‍ രാമചന്ദ്രഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധിക്കാൻ എത്തിയപ്പോഴാണ് പൊലീസ് നടപടി ഉണ്ടായത്. പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ നൂറോളം വിദ്യാർത്ഥികളെ തെലങ്കാന പൊലീസും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
