മകനെ ഭർത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ സ്റ്റേജിന് സൈഡിലേക്ക് തലയിൽ കൈവച്ച് നടക്കുന്ന യുവതി ഭർത്താവിന്റെ തോളിലേക്ക് ചരിയുന്നതും പിന്നാലെ നിലത്ത് വീഴുകയുമായിരുന്നു

വൽസാഡ്: മകന്റെ അഞ്ചാം പിറന്നാൾ ആഘോഷത്തിനിടെ കുഴഞ്ഞുവീണ അമ്മ മരിച്ചു. ഗുജറാത്തിലെ വൽസാഡിലാണ് സംഭവം. യുവതിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ഭർത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ യുവതി സ്റ്റേജിൽ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. വൽസാഡിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു ജന്മദിനാഘോഷ ചടങ്ങുകൾ നടന്നത്.

ദാരുണ സംഭവത്തിന്റെ ഹോട്ടലിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. യാമിനി ബെൻ എന്ന യുവതിയാണ് മരിച്ചത്. വൽസാഡിലെ റോയൽ ഷെൽട്ടർ ഹോട്ടലിൽ വച്ച് ശനിയാഴ്ചയായിരുന്നു ആഘോഷം. മകനെ ഭർത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ സ്റ്റേജിന് സൈഡിലേക്ക് തലയിൽ കൈവച്ച് നടക്കുന്ന യുവതി ഭർത്താവിന്റെ തോളിലേക്ക് ചരിയുന്നതും പിന്നാലെ നിലത്ത് വീഴുകയുമായിരുന്നു. 

Scroll to load tweet…

കുടുംബാംഗങ്ങൾ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത കാലത്തായി ആളുകൾ അസാധാരണ സാഹചര്യങ്ങളിൽ പെട്ടന്ന് മരിക്കുന്ന സംഭവങ്ങളിൽ വർധനവുണ്ടാകുന്നതായാണ് കണക്കുകൾ വിശദമാക്കുന്നത്. കഴിഞ്ഞ ദിവസം സ്കൂൾ പരിസരത്ത് കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മൂന്നാം ക്ലാസുകാരി മരിച്ചിരുന്നു. ഉത്തർപ്രദേശിലെ ലക്നൌവ്വിലാണ് ഈ സംഭവമുണ്ടായത്. ലക്നൌവ്വിലെ മോണ്ട്ഫോർട്ട് സ്കൂളിലാണ് ഒൻപതുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചത്. വ്യാഴാഴ്ച കുട്ടികൾ കളിക്കുന്നതിനിടെ 3ാം ക്ലാസ് വിദ്യാർത്ഥിനി മാൻവി സിംഗ് കുഴഞ്ഞ് വീഴുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം