ദില്ലി: ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവ് പീഡനക്കേസ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി. നേരത്തെ  സുപ്രീംകോടതി വിധി പ്രകാരം ദില്ലിയിലേക്ക് വിചാരണ മാറ്റിയ കേസിലാണ് ഇപ്പോള്‍ വിചാരണ പൂര്‍ത്തിയായത്. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെഗാര്‍ പ്രതിയായ കേസില്‍ ഇരയായ പെണ്‍കുട്ടിയേയും കുടുംബത്തിനേയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് സുപ്രീംകോടതി സംഭവത്തില്‍ ഇടപെടുകയും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ ചികിത്സ ദില്ലി എയിംസിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

കേസിന്‍റെ വിചാരണ ദില്ലിയിലേക്ക് മാറ്റിയ സുപ്രീംകോടതി വിചാരണ നടപടികള്‍ 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ദില്ലി എയിംസിലെ ഒരു മുറി പ്രത്യേക കോടതിയാക്കി മാറ്റിയാണ് കേസിന്‍റെ വിചാരണ നടത്തിയത്. കേസില്‍ പ്രതിയായി ജയിലിലായിരുന്ന കുല്‍ദീപ് സിംഗ് സെഗാറിനെ വിചാരണയ്ക്കായി ദില്ലിയില്‍ എത്തിച്ചിരുന്നു. ഡിസംബര്‍ 16-ന് കേസിലെ വിധി എന്ന് പ്രസ്താവിക്കണം എന്ന് കോടതി തീരുമാനിക്കും. 

ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തേഞ്ഞുമാഞ്ഞു പോകാന്‍ സാധ്യതയുണ്ടായിരുന്ന ഈ കേസ് സുപ്രീംകോടതി ഇടപെടല്‍ ഒന്നു കൊണ്ടു മാത്രമാണ് അതിവേഗം വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. എന്നാല്‍ ഈ സംഭവത്തിലൂടെ കുപ്രസിദ്ധി നേടിയ ഉന്നാവില്‍ പിന്നെയും പലവട്ടം ബലാത്സംഗങ്ങളും പീഡനങ്ങളും അരങ്ങേറിയിരുന്നു.