Asianet News MalayalamAsianet News Malayalam

ഒഡീഷയിലെ ​പ്രാചീന ഗോത്രവിഭാ​ഗങ്ങൾക്കിടയിലും കൊവിഡ് പടരുന്നു; 45 കൊവിഡ് ബാധിതരെന്ന് റിപ്പോർട്ട്

വെള്ളിയാഴ്ച വരെ ഇവരിലെ രോ​ഗികളുടെ എണ്ണം 21 ആയിരുന്നു. ശനിയാഴ്ചയോടെ ബൊണ്ട ​ഗോത്രത്തിൽ പെട്ട 10 പേരിലും ദൊംഗാരിയകൊന്ത സമുദായത്തിലെ 14 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 

tribal groups test Covid positive in Odisha
Author
Odisha, First Published May 17, 2021, 2:21 PM IST

ബീഹാർ:  ഒഡീഷയിലെ ​ഗോത്രവിഭാ​ഗങ്ങൾക്കിടയിലും കൊവിഡ് പിടിമുറുക്കുന്നു. പ്രാചീന ​ഗോത്രവിഭാ​ഗങ്ങളിലെ 21 പേരിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇപ്പോൾ ​രോ​ഗബാധിതരുടെ എണ്ണം 45 ലേക്ക് എത്തിയതായി ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. ​ഒറ്റപ്പെട്ടുള്ള ജീവിതം, ജനസംഖ്യയിലെ കുറവ്, താഴ്ന്ന സാക്ഷരതാ നിരക്ക്, കൃഷി വേട്ടയാടൽ എന്നിവയിലൂടെ ഭക്ഷണം കണ്ടെത്തൽ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ​ഗോ​ത്രവിഭാ​ഗത്തെ കേന്ദ്രസർക്കാർ പ്രാചീന ​ഗോത്രവിഭാ​ഗ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

വെള്ളിയാഴ്ച വരെ ഇവരിലെ രോ​ഗികളുടെ എണ്ണം 21 ആയിരുന്നു. ശനിയാഴ്ചയോടെ ബൊണ്ട ​ഗോത്രത്തിൽ പെട്ട 10 പേരിലും ദൊംഗാരിയകൊന്ത സമുദായത്തിലെ 14 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. റായ്​ഗഡ് ജില്ലയിലെ പകേരി ​ഗ്രാമത്തിൽ താമസിക്കുന്ന ദൊം​ഗാരിയ കൊന്ത വിഭാ​ഗത്തിൽ പെട്ട 19 പേരിലും കൊവിഡ് ബാധ കണ്ടെത്തിയിട്ടുണ്ട്. റായ്​ഗഡ, കോരാപുട്ട് ജില്ലകളുടെ അതിർത്തിയിലുള്ള നിയാം​ഗിരി കുന്നുകളിലാണ് ദൊം​ഗാരിയകൊന്ത ​ഗോത്രവിഭാ​ഗങ്ങൾ താമസിക്കുന്നത്. ഇവർ അപൂർവ്വമായി മാത്രമേ താഴ്വരയിലേക്ക് ഇറങ്ങി വരാറുള്ളൂ. ബൊണ്ട ​ഗോത്രത്തിലെ രോ​ഗം സ്ഥിരീകരിച്ചവരിൽ ചിലർ സുഖം പ്രാപിച്ചതായും മറ്റ് അവശേഷിച്ചവർ വീട്ടിൽ സമ്പർക്ക വിലക്കിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

​'രോ​ഗബാധിതരുടെ ആരോ​ഗ്യസ്ഥിതിയെക്കുച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അവർക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കുന്നുണ്ട്.' ഔദ്യോ​ഗിക വൃത്തങ്ങൾ പറഞ്ഞു. ഏപ്രിൽ 26നാണ് ബൊണ്ട ​ഗോത്രത്തിൽ ആദ്യത്തെ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഒഡീഷ സർക്കാർ ആഴ്ച ചന്ത നിർത്തലാക്കിയിരുന്നു. പിന്നീട് ആന്ധ്രയിലെ അനകാദിൽ മാർക്കറ്റിലാണ് ഈ ​ഗോത്രത്തിൽ നിന്നുള്ളവർ സാധനങ്ങൾ വാങ്ങാൻ പോയിരുന്നത്. ഇവിടെ നിന്നാകാം ഇവരിലേക്ക് കൊവിഡ് എത്തിയതെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അനുമാനിക്കുന്നു. കൊവിഡിന്റെ ആദ്യതരം​ഗത്തിൽ ഇവരിൽ രോ​ഗബാധ സംഭവിച്ചിരുന്നില്ല. ഒഡിഷയിലെ 62 ​ഗോത്രവിഭാ​ഗങ്ങളിൽ 13 എണ്ണം പ്രാചീന ​ഗോത്രങ്ങളിൽ ഉൾപ്പെട്ടവയാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 22.8 ശതമാനമാണിവർ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios