മുംബൈ: ആദിവാസി വിഭാ​ഗത്തിൽ പെട്ട തൊഴിലാളികളെ കരാർ തൊഴിലാളികളാകാൻ നിർബന്ധിച്ചതിനെ തുടര്‍ന്ന് ഇഷ്ടിക ചൂള ഉടമയ്ക്കും സൂപ്പർവൈസർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി. താനെയിലെ ഭീവണ്ടി ജില്ലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ​ഗ്രാമത്തിലാണ് സംഭവം. അഞ്ജുർ ഗ്രാമത്തിൽ നിന്നുള്ള ജോളി നായിക് സേത്ത്, സൂപ്പർവൈസർ മധുകർ പവാർ എന്നിവർക്കെതിരെയാണ് ​ഗോത്രവർ​ഗ വിഭാ​ഗത്തിൽപെട്ട  തൊഴിലാളികളുടെ പരാതി. പൽഘർ ജില്ലയിലെ കുഗ്രാമത്തിൽ നിന്നുള്ള  ഗോത്രവർഗക്കാരനായ വ്യക്തിയാണ് താനെ ജില്ലയിലെ നാർപോളി പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച വൈകുന്നേരം ഇരുവർക്കും എതിരെ പരാതി നൽകിയത്.

അഡ്വാൻസ് തുക നൽകിയ ശേഷം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഗ്രാമീണരെ ഇഷ്ടിക ചൂളയിലേക്ക് ജോലിക്കായി വിളിച്ചുകൊണ്ടു പോയതായി പരാതിയിൽ പറയുന്നു. സമയക്രമമില്ലാതെ ജോലി ചെയ്യിച്ച് കുറഞ്ഞ വേതനമാണ് നൽകുന്നത്. കൂടാതെ തൊഴിൽ ഉടമ തൊഴിലാളികളെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് ഇവരെ ജോലിക്കായി കൊണ്ടുപോയതെന്നും പരാതിയിൽ വെളിപ്പെടുത്തുന്നു. പിന്നാക്ക വിഭാ​ഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ, കരാർ തൊഴിൽ നിർത്തലാക്കൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി.ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.