ദേശീയ കമ്പനി ലോ അപ്പല്ലേറ്റ് ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ചിൽ നിന്ന് ജഡ്ജി പിന്മാറിയ സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്താൻ നടപടികൾ സ്വീകരിക്കാൻ സുപ്രീംകോടതി സെക്രട്ടറി ജനറലിന് നിർദ്ദേശം
ദില്ലി: ഗുരുതര വെളിപ്പെടുത്തലുമായി ദേശീയ കമ്പനി ലോ അപ്പല്ലേറ്റ് ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ചിൽ നിന്ന് ജഡ്ജി പിന്മാറിയ സംഭവത്തിൽ ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. സംഭവത്തിൽ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്താൻ നടപടികൾ സ്വീകരിക്കാൻ സുപ്രീംകോടതി സെക്രട്ടറി ജനറലിന് നിർദ്ദേശം നൽകി. ചെന്നൈ ബഞ്ചിലെ ജുഡീഷ്യൽ അംഗം ജസ്റ്റിസ് ശരദ് കുമാർ ശർമ്മയാണ് ഹൈദരാബാദ് കമ്പനിയുൾപ്പെട്ട കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറിയത്. പാപ്പരത്ത ഹർജിയുമായി ബന്ധപ്പെട്ട കേസിൽ അനുകൂല വിധിക്കായി ഉന്നത ജുഡീഷ്യറിയിലെ ബഹുമാന്യനായ അംഗം ഇടപെട്ടതായി ജസ്റ്റിസ് ശർമ്മ വെളിപ്പെടുത്തി.
ഫോൺസന്ദേശം അഭിഭാഷകരെ കാണിച്ചതിനുശേഷമാണ് പിന്മാറ്റം പ്രഖ്യാപിച്ചത്. എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. അമ്പരപ്പിക്കുന്ന ഇടപെടൽ ആണെന്ന് ബെഞ്ചിലെ മറ്റൊരംഗമായ ജതീന്ദ്രനാഥ് സ്വെയിൻ പ്രതികരിച്ചു. ഇനിയെന്ത് വേണമെന്ന് എൻസിഎൽഎടി ചെയർമാൻ തീരുമാനിക്കട്ടേ എന്നും സ്വെയിൻ പറഞ്ഞു .


