ദില്ലി: വിഘടന വാദി നേതാവ് യാസിന്‍ മാലിക്കിന്‍റെ സംഘടനയായ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനുള്ള വിലക്ക് ട്രൈബ്യൂണല്‍ ശരിവച്ചു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന ട്രൈബ്യൂണലാണ് വിലക്ക് ശരിവച്ചത്.  കഴിഞ്ഞ മാര്‍ച്ചിലാണ് സംഘടനക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്.

സംഘടന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതയി ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. കൃത്യമായ തെളിവുകളുടെയും , കാരണങ്ങളുടെയും അടിസ്ഥാനത്തിലാണ് പാർട്ടിയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മാത്രമല്ല കശ്മീരിലെ സമാധാന ശ്രമങ്ങൾക്ക് ഭീഷണിയാകും വിധത്തിൽ മറ്റ് ഭീകര സംഘടനകളുമായി ജമ്മു കശ്മീർ ലിബറേഷൻ ബന്ധപ്പെടുന്നുണ്ടെന്ന ആക്ഷേപവുമുണ്ട്. പഞ്ചാബിലെ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ അന്വേഷണ ഏജൻസികൾ തെരച്ചിൽ ശക്തമാക്കി.

അതേസമയം പാകിസ്ഥാനിൽ നിന്നു  ഡ്രോൺ ഉപയോഗിച്ചു നടത്തിയ ആയുധക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഖാലിസ്ഥാൻ ഭീകരൻ ഗുർദേവ് സിങാണ് പിടിയിലായത്. ഇയാളിൽ നിന്ന് ആയുധങ്ങളും കള്ളനോട്ടുകളും കണ്ടെത്തി. ബിഎസ്എഫ് ഡിജിയും ഇന്ന് പഞ്ചാബിൽ എത്തിയിട്ടുണ്ട്.