സ്വാമി വിവേകാനന്ദന്റെ ഉപദേശങ്ങൾ  വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിൽ യുവജനങ്ങളെ പ്രചോദിപ്പിക്കുമെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞു. 

ദില്ലി: സ്വാമി വിവേകാനന്ദന്റെ 160ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും. 1863 ജനുവരി 12നാണ് സ്വാമി വിവേകാനന്ദൻ ജനിച്ചത്. സ്വാമി വിവേകാന്ദന്റെ ജന്മദിനാഘോഷങ്ങളുടെ ഭാ​ഗമായി ദേശീയ യുവജനദിനവും ആചരിക്കുന്നു. സ്വാമി വിവേകാനന്ദന്റെ ഉപദേശങ്ങൾ വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിൽ യുവജനങ്ങളെ പ്രചോദിപ്പിക്കുമെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞു. 

''സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് എന്റെ ആദരവ്! ആത്മീയതയും ദേശസ്‌നേഹവും സമന്വയിപ്പിച്ച വ്യക്തിത്വമായ അദ്ദേഹം ആഗോളതലത്തിൽ ഇന്ത്യൻ മൂല്യങ്ങൾ പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതവും ഉപദേശങ്ങളും യുവാക്കളെ അവരുടെ സ്വപ്നങ്ങൾ പിന്തുടരാനും മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കാനും പ്രചോദിപ്പിക്കുന്നു," രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

Scroll to load tweet…

അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങളും ആദർശങ്ങളും രാജ്യത്തെ ജനങ്ങളെ മുന്നോട്ട് നയിക്കാൻ സാധിക്കുന്നതാണെന്ന് സ്വാമി വിവേകാനന്ദനോടുള്ള ആദരസൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ''അദ്ദേഹത്തിന്റെ ജീവിതവും ദേശസ്‌നേഹവും ആത്മീയതയും അർപ്പണബോധവും എല്ലായ്‌പ്പോഴും പ്രചോദിപ്പിക്കും.'' മോദി ട്വീറ്റ് ചെയ്തു. തന്നിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് സ്വാമി വിവേകാനന്ദനെന്ന് പ്രധാനമന്ത്രി പലപ്പോഴും പരാമർശിച്ചിട്ടുണ്ട്. ഈ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച കർണാടകയിൽ നടക്കുന്ന ദേശീയ യുവജനോത്സവവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.