കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എം.എൽ.എ സമരേഷ് ദാസ് (76) കോവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധയെ തുടർന്ന് ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഈസ്റ്റ് മിഡ്നാപുർ ജില്ലയിലെ എഗ്ര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് സമരേഷ് ദാസ്. തിങ്കളാഴ്ച രാവിലെ മിഡ്നാപുരിലെ ആശുപത്രിയിലായിരുന്നു മരണം. അസുഖം വർധിച്ചതിനെ തുടർന്ന് ഹൃദയത്തിന്‍റെയും വൃക്കകളുടെയും പ്രവർത്തനത്തെ ബാധിച്ചിരുന്നു. സമരേഷ് ദാസിന്‍റെ മരണത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി അനുശോചിച്ചു.

പശ്ചിമ ബംഗാളിൽ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ തൃണമൂൽ എം.എൽ.എയാണ് ദാസ്. ജൂണിൽ ഫൽത മണ്ഡലത്തിൽ നിന്നുള്ള എ.എൽ.എയായ തമോനാഷ് ഘോഷ് മരിച്ചിരുന്നു. ഈ മാസം ആദ്യം മുതിർന്ന സി.പി.എം നേതാവ് ശ്യാമൾ ചക്രബർത്തിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. സംസ്ഥാനത്ത് 1.16 ലക്ഷം കോവിഡ് ബാധിതരാണ് ആകെ റിപ്പോർട്ട് ചെയ്തത്. 2428 പേർ മരിക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ 3066 പുതിയ കേസുകളും 51 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.