ലോക്സഭയുടെ വർഷകാല സമ്മേളനത്തിന്റെ ഇനിയുള്ള കാലയളവിലേക്കാണ് കല്യാൺ ബാനർജിയെ ലോക്സഭയിൽനിന്ന് സസ്പെൻഡ് ചെയ്തത്. ഓ​ഗസ്റ്റ് 13-നാണ് വർഷകാല സമ്മേളനം അവസാനിക്കുന്നത്.

ന്യൂഡൽഹി: ലോക്സഭയിൽ വനിതാ എംപിമാർക്കെതിരേ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ തൃണമൂൽ കോൺ​ഗ്രസ് എംപി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ. ലോക്സഭയുടെ വർഷകാല സമ്മേളനത്തിന്റെ ഇനിയുള്ള കാലയളവിലേക്കാണ് കല്യാൺ ബാനർജിയെ ലോക്സഭയിൽനിന്ന് സസ്പെൻഡ് ചെയ്തത്. ഓ​ഗസ്റ്റ് 13-നാണ് വർഷകാല സമ്മേളനം അവസാനിക്കുന്നത്.

ലോക്സഭ ചേംബറിൽ കല്യാൺ ബാനർജിയും തൃണമൂൽ വിമതരും നിലവിൽ എൻസിപിഐ പാർട്ടിയുടെ ഭാ​ഗവുമായ വനിതാ എംപിമാരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. വിമത എംപിമാരായ മിതാലി ഭാ​ഗ്, ശതാബ്ദി ഖോയ്, കാഘോലി ​ഘോഷ് ദസ്തിദാർ എന്നിവരുമായാണ് കല്യാൺ ബാനർജി തർക്കിച്ചത്. ഇതിനിടെ, കല്യാൺ ബാനർജി വനിതാ എംപിമാരെ അധിക്ഷേപിക്കുന്നരീതിയിൽ സംസാരിച്ചെന്നാണ് ആരോപണം.

പ്രതിപക്ഷ ബഹളം കാരണം ലോക്സഭ നിർത്തിവെച്ച സമയത്താണ് ലോക്സഭ ചേംബറിൽ ഈ സംഭവമുണ്ടായത്. തുടർന്ന് വനിതാ എംപിമാർ സ്പീക്കർ ഓംബിർളയെ കണ്ട് പരാതി അറിയിക്കുകയായിരുന്നു. പിന്നാലെ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സഭ വീണ്ടും ചേർന്നപ്പോളാണ് കല്യാൺ ബാനർജിയുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്. ശബ്ദവോട്ടോടെ ഇത് പാസാക്കുകയായിരുുന്നു.

തൃണമൂലിൽ മമതാ ബാനർജിയുടെ വിശ്വസ്തനായ നേതാവാണ് കല്യാൺ ബാനർജി. അതേസമയം, വിമത എംപിമാരും കല്യാൺ ബാനർജിയും തമ്മിൽ എന്തിനെച്ചൊല്ലിയാണ് ലോക്സഭ ചേംബറിൽ വഴക്കിട്ടതെന്ന് വ്യക്തമല്ല. ഇവർ തമ്മിലുണ്ടായ സംഭാഷണങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭ്യമായിട്ടില്ല.