കൊൽക്കത്ത: പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് മിന്നുന്ന നേട്ടം. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും തൃണമൂൽ വിജയമുറപ്പിച്ച് കഴിഞ്ഞു. കലിയാഗഞ്ജ് നിയമസഭാ സീറ്റിൽ തൃണമൂലിന്‍റെ കമൽ ചന്ദ്രസർക്കാർ ജയിച്ചു. ബിജെപിയേക്കാൾ 2000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തൃണമൂൽ സ്ഥാനാർത്ഥി ജയിച്ചു കയറിയത്. കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റായിരുന്ന ഇവിടെ, സിപിഎം - കോൺഗ്രസ് സഖ്യം മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. കരിംഗഞ്ജ്, ഖരഗ്പൂർ എന്നിവിടങ്ങളിലും തൃണമൂൽ ഏതാണ്ട് വിജയമുറപ്പിച്ചു കഴിഞ്ഞു. 

രാവിലെ എട്ട് മണിയ്ക്ക് തന്നെ വോട്ടെണ്ണൽ തുടങ്ങി. തിങ്കളാഴ്ച വോട്ടെണ്ണലിനിടെ, ബിജെപി സ്ഥാനാർത്ഥി ആക്രമിക്കപ്പെട്ടെന്ന് ആരോപണമുയർന്നതിനെത്തുടർന്ന് സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയിലായിരുന്നു വോട്ടെണ്ണൽ.

ഉത്തരാഖണ്ഡിലെ പിത്തോർഗഢ് സീറ്റിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയാണ് മുന്നിട്ടുനിൽക്കുന്നത്. സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായിരുന്ന ബിജെപിയുടെ പ്രകാശ് പന്തിന്‍റെ മരണത്തെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പ്രകാശ് പന്തിന്‍റെ ഭാര്യ ചന്ദ്ര പന്താണ് ഇവിടെ സ്ഥാനാർത്ഥി. കോൺഗ്രസിന്‍റെ അഞ്ജു ലുന്തിയും സമാജ്‍വാദി പാർട്ടിയുടെ ലളിത് മോഹൻ ഭട്ടുമാണ് എതിർസ്ഥാനാർത്ഥികൾ. 

കരിംഗഞ്ജിലെ ബിജെപി സ്ഥാനാർത്ഥിയായ ജയ് പ്രകാശ് മജുംദാറിനെതിരെയാണ് വോട്ടെടുപ്പിനിടെ ആക്രമണമുണ്ടായത്. മജുംദാറിനെ മർദ്ദിച്ച തൃണമൂലുകാർ റോഡിന് അരികിലേക്ക് തള്ളി മാറ്റുകയും അസഭ്യം പറയുകയുമായിരുന്നു. 

അക്രമങ്ങൾക്കിടെയും പതിവിന് വിപരീതമായി പശ്ചിമബംഗാളിൽ മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തി. ശരാശരി വോട്ടിംഗ് ശതമാനം 75.48 ആയിരുന്നു. 

കരിംഗഞ്ജിൽ നേരത്തേ ജയിച്ചിരുന്നത് തൃണമൂൽ തന്നെയാണ്. ഖരഗ്പൂർ ബിജെപിയ്ക്ക് ഒപ്പമായിരുന്നു. കലിയാഗഞ്ജ് കോൺഗ്രസിനൊപ്പവും. ഈ മൂന്ന് സീറ്റുകളുമാണ് തൃണമൂൽ ഒറ്റയ്ക്ക് പിടിച്ചെടുത്തിരിക്കുന്നത്.