ദില്ലി: മുസ്‍ലിം സ്ത്രീകള്‍ക്ക് ഗുണകരമാണ് മുത്തലാഖ് ബില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഖി സഹോദരി ഖമര്‍ മുഹ്സിന്‍ ഷെയിഖ്. മോദിയെ ഔദ്യോഗിക വസതിയില്‍  സന്ദര്‍ശിച്ച് രാഖി കെട്ടിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. 'ഖുറാനിലോ ഇസ്‍ലാമിലോ എവിടെയും മുത്തലാഖ് ചൊല്ലുന്നതിനെക്കുറിച്ച് പറയുന്നില്ല. മുസ്‍ലിം സ്ത്രീകള്‍ക്ക് വേണ്ടി വലിയ കാര്യമാണ് അദ്ദേഹം ചെയ്തത്'. മറ്റൊരാള്‍ക്കും ഇത്തരത്തിലൊരു നിര്‍ണായക നീക്കം നടത്താന്‍ സാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

'വര്‍ഷാവര്‍ഷം മൂത്ത സഹോദരന് രാഖി കെട്ടാന്‍ അവസരം ലഭിക്കുന്നതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. അടുത്ത അഞ്ചു വര്‍ഷവും അദ്ദേഹത്തിന് ഏറ്റവും മികച്ചതാവട്ടെ, അദ്ദേഹത്തിന്‍റെ തീരുമാനങ്ങള്‍ ലോകം മനസിലാക്കണമെന്നാണ് എന്‍റെ പ്രാര്‍ത്ഥനയെന്നും ഖമര്‍ മുഹ്സിന്‍ എഎന്‍ഐയോട് പ്രതികരിച്ചു. 

'എനിക്ക് അദ്ദേഹത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സമയം മുതല്‍ അറിയാം. അദ്ദേഹത്തിന്‍റെ പെരുമാറ്റത്തില്‍ ഇന്നും ഒരു മാറ്റവുമില്ല. ഇപ്പോള്‍ അദ്ദേഹം കൂടുതല്‍ തിരക്കിലാണെന്നുമാത്രമേയുള്ളുവെന്നും മറ്റെല്ലാം പഴയതുപോലെ തന്നെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവ് വരച്ച ഒരു പെയിന്‍റിംഗും അവര്‍ മോദിക്ക് സമ്മാനിച്ചു. പാക്കിസ്ഥാന്‍ സ്വദേശിയായ മുഹ്സിന്‍ ഷെയിഖ് വിവാഹത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് എത്തിയത്.