ദില്ലി: വീണ്ടും വിവാദ പ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ഹരിയാനയിലെ  ജാട്ട് വിഭാഗത്തിനെതിരെയാണ് ഇത്തവണ ബിപ്ലബ് കുമാര്‍ ദേബിന്‍റെ ആക്ഷേപം. ഹരിയാനയിലെ ജാട്ടുകള്‍ക്ക് ശക്തിയുണ്ട്. എന്നാല്‍ ബുദ്ധിയില്ല. അതേസമയം ബംഗാളികള്‍ അതീവ ബുദ്ധിമാന്‍മാരാണ്. ഞായറാഴ്ച അഗർത്തലയിലെ പ്രസ് ക്ലബിൽ സംസാരിക്കവേയായിരുന്നു ബിപ്ലബ് കുമാർ ദേബ്. 

'ബംഗാളികൾ അതീവ ബുദ്ധിമാന്മാരാണ്. അത് അവരുടെ സ്വത്വമാണ്. ഹരിയാനയിൽ ധാരാളം ജാട്ടുകളുണ്ട്. ജാട്ടിനെക്കുറിച്ച് ആളുകൾ എന്താണ് പറയുന്നത്? ജാട്ടുകൾക്ക് ബുദ്ധി കുറവാണ്. പക്ഷേ അവർക്ക് ശാരീരിക ക്ഷമതയുണ്ട്' എന്നാണ് ബിപ്ലബ് ദേബ് പറഞ്ഞത്. ബുദ്ധിയുടെ കാര്യത്തിൽ ബംഗാളികളെ വെല്ലാൻ ജാട്ടുകൾക്കാവില്ലെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

രൂക്ഷ വിമര്‍ശനത്തോടെയാണ് 50സെക്കന്‍റുള്ള ബിപ്ലബ് ദേബിന്‍റെ വിവാദ പ്രസ്താവനയുടെ വീഡിയോ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലെ ട്വീറ്റ് ചെയ്തത്. ബിജെപിയുടെ മനസിലിരുപ്പ് എന്താണെന്ന് വ്യക്തമാക്കുന്നത് എന്നാണ് വീഡിയോയേക്കുറിച്ച് രണ്‍ദിപ് സിംഗ് സുര്‍ജേവാല വിശദമാക്കുന്നത്. നാണക്കേടും നിര്‍ഭാഗ്യകരവുമായ പ്രസ്താവനയായിപ്പോയിയെന്നും സുര്‍ജേവാല കുറിക്കുന്നു. ഹരിയാന മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിശബ്ദനായി ഇരിക്കുന്നതെന്നും സുര്‍ജേവാല ചോദിക്കുന്നു.

 


പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയാവുകയും രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തതിന് പിന്നാലെ ബിപ്ലബ് ദേബ് ക്ഷമാപണം നടത്തി. തന്‍റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അതില്‍ ഖേദമുണ്ട്. ഓരോരുത്തരോടും മാപ്പ് അപേക്ഷിക്കുന്നു. ഒരു സമുദായത്തേയും താഴ്ത്തിക്കാണിക്കാനുള്ള ഉദ്ദേശത്തോടെയായിരുന്നില്ല പരാമര്‍ശം. ഈ വിഭാഗങ്ങളില്‍ തനിക്ക് സുഹൃത്തുക്കളുണ്ടെന്നും ബിപ്ലബ് ദേബ് ട്വീറ്റുകളിലൂടെ വ്യക്തമാക്കി. 
 

 

ഇതിന് മുൻപും നിരവധി തവണ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. മഹാഭാരത കാലത്ത് ഇന്റർനെറ്റും സാറ്റലൈറ്റ് ടെലിവിഷനും നിലവിലുണ്ടായിരുന്നുവെന്ന് 2018 ൽ ബിപ്ലബ് ദേബ് പറഞ്ഞിരുന്നു.