അഗര്‍ത്തല: പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ത്രിപുരയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോത് ദേബ് ബര്‍മന്‍ രാജി വച്ചു. കുറ്റവാളികളെയും കള്ളന്‍മാരെയും ഇനി കേള്‍ക്കേണ്ടതില്ലെന്നും അഴിമതിയിലും ഗ്രൂപ്പിസത്തിലും പങ്കുചേരേണ്ടതില്ലെന്നും പ്രദ്യോത് അറിയിച്ചു. രാജി വച്ചതായി ചൂണ്ടിക്കാട്ടി അദ്ദേഹം ട്വിറ്ററില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. 

'ഏറെ നാളുകള്‍ക്ക് ശേഷം ഇന്ന് സ്വസ്ഥമായി ഉണര്‍ന്നു. കുറ്റവാളികളെയും കള്ളന്‍മാരെയും കേള്‍ക്കാതെ ഞാന്‍ ഇന്നത്തെ ദിവസം ആരംഭിച്ചു. സഹപ്രവര്‍ത്തകര്‍ പിന്നില്‍ നിന്ന് കുത്തുമോ എന്ന ഭയമില്ല, ഗ്രൂപ്പിസത്തില്‍ പങ്കുചേരേണ്ട. പ്രസന്നമായ മനസ്സോടെ  ഇന്ന് എനിക്ക് രാജ്യത്തിനായി പ്രവര്‍ത്തിക്കാം'- പ്രദ്യോത് ട്വീറ്റ് ചെയ്തു. കൂടെ നിന്ന എല്ലാവര്‍ക്കുമുള്ള നന്ദിയും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. 

ത്രിപുരയിലെ മാണിക്യ രാജവംശത്തിലെ അനന്തരാവകാശിയായ പ്രദ്യോത് മുന്‍ രാജാവ് കിരിത് ബിക്രം കിഷോര്‍ മാണിക്യ ദേബ് ബര്‍മന്‍റെ മകനാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ പ്രദ്യോത് കേന്ദ്ര സര്‍ക്കാരിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ ത്രിപുരയിലും നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് പ്രദ്യോത് സുപ്രീംകോടതിയെ സമീപിച്ചത്. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കണമെന്ന പ്രദ്യോതിന്‍റെ ആവശ്യം പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതോടെ ഹൈക്കമാന്‍ഡുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് പ്രദ്യോത് രാജി സമര്‍പ്പിക്കുകയായിരുന്നു.