അ​ഗർത്തല: പ്രതിഷേധം അക്രമാസക്തമായതോടെ നടന്ന പൊലീസ് വെടിവെപ്പിൽ പ്രതിഷേധക്കാരിൽ ഒരാൾ മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു, അഞ്ചാളുകളുടെ നില ​ഗുരുതരമാണ്. പ്രതിഷേധക്കാർ പനിസാ​ഗർ ടൗണിലെ ദേശീയപാത തടയുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തതോടെയാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് വിശദീകരണം. 

45കാരനായ ശ്രീകണ്ഠ ദാസ് ആണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ബ്രു അഭയാർത്ഥികളുടെ പുനരധിവാസത്തിനെതിരെ നടത്തുന്ന അനിശ്ചിതകാല ബന്ദിനെ പിന്തുണച്ച് നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. അ​ഗ്നിശമന സേനാ വിഭാ​ഗത്തിലെ ജീവനക്കാരൻ മരിച്ചതായാണ് പ്രാദേശിക റിപ്പോർട്ടുകൾ, എന്നാൽ പൊലീസ് ഇതുവരെ മരണം സ്ഥിരീകരിച്ചിട്ടില്ല. 

അക്രമസാധ്യത നിലനിൽക്കുന്നതിനാൽ ന​ഗരത്തിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ത്രിപുരയുടെ തലസ്ഥാനമായ അ​ഗർത്തലയിൽ നാല് മണിക്കൂർ ദൂരത്തിലാണ് സംഭവം നടന്നത്. മിസോറാമിൽ നിന്നുള്ള 35000 ആദിവാസി ബ്രു അഭയാർത്ഥികളെ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്.