ദുംഗപൂര്‍(രാജസ്ഥാന്‍): വെള്ളക്കെട്ട് മറികടക്കാന്‍ ട്രെക്കില്‍ കയറ്റിയ വിദ്യാര്‍ത്ഥികള്‍ അടക്കം കുത്തൊഴുക്കില്‍ ട്രെക്ക് കുടുങ്ങി. രാജസ്ഥാനിലെ ദുംഗപൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. പന്ത്രണ്ട് വിദ്യാര്‍ത്ഥികളാണ് ട്രെക്കില്‍ കയറിയത്. പരിസരത്തുണ്ടായിരുന്ന നാട്ടുകാരുടെ തത്സമയ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ദുരന്തം.

തുറന്ന ട്രെക്ക് ആയതിനാല്‍ കുട്ടികള്‍ മുങ്ങുന്നതിന് മുന്‍പ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദയ്പൂരില്‍ സര്‍ക്കാര്‍ വിദ്യാലയത്തിന്‍റെ മതില്‍ തകര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടത് ശനിയാഴ്ചയാണ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ബീഹാറില്‍ 20 പേരാണ് കഴിഞ്ഞ മൂന്നുദിവസങ്ങളില്‍ കൊല്ലപ്പെട്ടത്.

പട്നയിലെ തെരുവുകള്‍ വെള്ളം കയറിയ നിലയിലാണുള്ളത്. ചൊവ്വാഴ്ച വരെ ബീഹാറിലെ മിക്ക സ്കൂളുകള്‍ക്കും മഴമൂലം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ ശക്തമാണ്. ഗുജറാത്തിന്‍റെ പല ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയിലും തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളിലും കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ മരിച്ചക് മൂന്നുപേരാണ്.  കഴിഞ്ഞ ആഴ്ചമുതല്‍ ലഭിക്കുന്ന കനത്ത മഴയില്‍ വടക്കേ ഇന്ത്യയിലെ പല ഭാഗങ്ങളിലും കനത്ത വെള്ളപ്പൊക്കമാണ് നേരിടുന്നത്.