അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള മതില്‍ നിര്‍മാണ വിവാദം വിട്ടൊഴിയുന്നില്ല. ട്രംപിന്‍റെയും മോദിയുടെയും റോഡ് ഷോ നടക്കുന്ന പാതയോരത്തെ ചേരിയുടെ കാഴ്ച മറച്ച് അരക്കിലോമീറ്റര്‍ നീളത്തില്‍ മതില്‍ നിര്‍മിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ മറ്റൊരു ചേരിയെയും മറച്ച് മതില്‍ നിര്‍മിച്ചെന്ന് ആരോപണമുയര്‍ന്നു. ട്രംപും മോദിയും സഞ്ചരിക്കുന്ന റോഡിന് സമീപത്തെ ചേരിയാണ് നാല് അടി ഉയരമുള്ള മതില്‍ നിര്‍മിച്ച് മറച്ചത്. ദാരിദ്ര്യത്തെ മതില്‍ കെട്ടി മറയ്ക്കാനാണ് അഹമ്മദാബാദ് നഗര ഭരണകൂടം ശ്രമിക്കുന്നതെന്ന് ചേരി നിവാസികള്‍ ആരോപിച്ചു. പുതിയ മതില്‍ വിവാദവും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

വാര്‍ത്ത പുറത്തുവന്നതോടെ അഹമ്മദാബാദ് കോര്‍പ്പറേഷന്‍ അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തി. ആരോപണം അടിസ്ഥാന രഹിതമാണെന്നും ഒരു മാസം മുമ്പ് മതില്‍ നിര്‍മിക്കുന്നതിനുള്ള തീരുമാനമെടുത്തെന്നും മുന്‍സിപ്പല്‍ കമ്മീഷണര്‍ വിജയ് നെഹ്റ പറഞ്ഞു. കൈയേറ്റം തടയാനാണ് മതില്‍ നിര്‍മിച്ചതെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. റോഡ് ഷോ നടക്കുന്ന 22 കിലോമീറ്റര്‍ ദൂരം ഇരുവരെും അഭിവാദ്യം ചെയ്യാന്‍ 1 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ പറഞ്ഞു. രജിസ്ട്രേഷന്‍ തുടരുകയാണ്. #theBiggestRoadShowever എന്ന ഹാഷ് ടാഗില്‍ റോഡ് ഷോ ട്വിറ്ററില്‍ ഹിറ്റാണ്. സ്റ്റേജ് ഷോ നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തില്‍ 1 ലക്ഷം പേര്‍ പങ്കെടുക്കും.