സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണം നടക്കാൻ റായ് മാറി നിൽക്കണം. എഫ്ആറിൽ പെടാത്ത ചമ്പത് റായ് മാറി നിൽക്കുന്നത് ധാർമ്മികത കൊണ്ടാണെന്നും ട്രസ്റ്റ് വിശദീകരണം നൽകി.
ലഖ്നൗ: അയോധ്യ ക്ഷേത്രക്കൊള്ളയില്‍ കേസെടുത്തതിന് പിന്നാലെ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനുമായ ചമ്പത് റായ് രാജിവെച്ചതിൽ പ്രതികരണവുമായി ട്രസ്റ്റ്. നിഷ്പക്ഷത ഉറപ്പാക്കാനാണ് രാജിയെന്ന് ട്രസ്റ്റ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണം നടക്കാൻ റായ് മാറി നിൽക്കണം. എഫ്ആറിൽ പെടാത്ത ചമ്പത് റായ് മാറി നിൽക്കുന്നത് ധാർമ്മികത കൊണ്ടാണെന്നും ട്രസ്റ്റ് വിശദീകരണം നൽകി.
ചമ്പത് റായിക്കൊപ്പം രക്ഷാധികാരി അനില്‍ മിശ്രയും രാജി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായവരില്‍ നിന്ന് എണ്‍പത് ലക്ഷത്തോളം രൂപ പിടിച്ചെടുത്തതായി പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. സത്യം വൈകാതെ പുറത്ത് വരുമെന്നും കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കൊള്ളയില്‍ 8 പേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിലെ രണ്ട് പ്രമുഖര്‍ രാജി വച്ചത്. ജനറല്‍ സെക്രട്ടറി ചമ്പത് റായിയും രക്ഷാധികാരി അനില്‍ മിശ്രയും ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസിന് രാജിക്കത്ത് നല്‍കി. എസ്ഐടിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഇരുവര്‍ക്കുമെതിരെ പരാമര്‍ശങ്ങളൊന്നുമില്ലെന്നും ധാര്‍മ്മികതയുടെ പേരിലാണ് രാജിയെന്നും ട്രസ്റ്റ് വൃത്തങ്ങള്‍ വിശദീകരിച്ചു. ർ
ചമ്പത് റായിയെ പോലെ ആര്‍എസ്എസ് വിശ്വഹിന്ദു പരിഷത്ത് പശ്ചാത്തലമാണ് അനില്‍ മിശ്രക്കുമുള്ളത്. ഇരുവരുമായി അടുപ്പമുള്ള ക്ഷേത്ര ജീവനക്കാര്‍ അറസ്റ്റിലായിട്ടും രണ്ട് പേരെയും ചോദ്യം ചെയ്യാത്തതിലും ട്രസ്റ്റിലെ പദവികളില്‍ തുടരുന്നതിലും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ പ്രതിരോധത്തിലായതോടെ ഇതുവരെ മൗനത്തിലായിരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കടുത്ത നടപടികളിലേക്ക് എസ്ഐടി കടക്കുമെന്ന് വ്യക്തമാക്കി.

