വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ 35 കോടി രൂപ വരെ എംഎൽഎമാർക്ക് വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ മൂന്ന് പേർ അറസ്റ്റിലായി. അട്ടിമറി നീക്കം രഹസ്യാന്വേഷണ വിഭാഗം തകർത്തെന്ന് ടിവികെ. വിജയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിഎംകെയും രംഗത്ത്

ചെന്നൈ: തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതിൽ കടുത്ത ആരോപണവുമായി ടി വി കെ രംഗത്ത്. സർക്കാരിനെ വീഴ്ത്താനുള്ള ഡി എം കെയുടെ നീക്കം രഹസ്യാന്വേഷണ വിഭാഗം തകർത്തെന്നാണ് ടി വി കെ നേതാക്കൾ അവകാശപ്പെട്ടത്. 35 കോടി വരെ എം എൽ എമാർക്ക് വാഗ്ദാനം ചെയ്തായിരുന്നു നീക്കം നടന്നതെന്നും മന്ത്രി നിർമൽ കുമാർ വിവരിച്ചു. ടി വി കെ എം എൽ എമാരെ പാർട്ടിയിൽ നിന്ന് രാജിവെപ്പിക്കുന്നതിനായി 35 കോടി രൂപ കോഴ വാഗ്ദാനം ചെയ്തു. വാഗ്ദാനത്തിൽ വീഴാത്തവരെ ഭീഷണിപ്പെടുത്തിയതായും ടി വി കെ നേതാക്കൾ വിവരിച്ചു. ആകെ 15 ടി വി കെ എം എൽ എമാരെ ലക്ഷ്യമിട്ടായിരുന്നു അട്ടിമറി നീക്കം. ഇതിൽ 12 എം എൽ എമാരെ പ്രതികൾ പലപ്പോഴായി ബന്ധപ്പെട്ടിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിനാടകീയ രംഗങ്ങൾ

തമിഴ്നാട്ടിൽ അതിനാടകീയ രാഷ്ട്രീയ നീക്കങ്ങളാണ് ഇന്നുണ്ടായത്. ടി വി കെ എം എൽ എയ്ക്ക് കോഴ വാഗ്ദാനം ചെയ്തെന്ന പരാതിയിൽ പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ഐ പി ഡി എസ് സ്ഥാപകനുമായ സി തിരുനാവക്കരസ്, ഡി എം കെ നേതാവ് സെന്തിൽ ബാലാജിയുടെ രണ്ട് വിശ്വസ്തർ എന്നിവരാണ് പിടിയിലായത്. കൃഷ്ണഗിരിയിലെ ടി വി കെ (തമിഴക വെട്രി കഴകം) എം എൽ എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ അസാധാരണ നടപടി. ട്രിപ്ലിക്കേൻ പൊലീസ് കേസെടുത്തതിന് പിന്നാലെ ചെന്നൈ പൊലീസ് അറസ്റ്റ് വിവരം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ പുറത്തുവിടുകയായിരുന്നു. സ്പീക്ക‍ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ പിന്തുണയ്ക്കാനായി 35 കോടി രൂപ കോഴ വാഗ്ദാനം ചെയ്ത് തിരുനാവുക്കരസ് ഫോൺ ചെയ്തെന്ന കൃഷ്ണഗിരിയിലെ ടി വി കെ എം എൽ എ എൻ ഇളയരാജയുടെ പരാതി ആണ് അറസ്റ്റിലേക്ക് നയിച്ചത്.വിജയ് സ‍ർക്കാരിനെ വീഴ്ത്താൻ സെന്തിൽ ബാലാജിയുടെ നേതൃത്വത്തിൽ ഡി എം കെ നീക്കം നടത്തിയതായും പൊലീസ് വാർത്താക്കുറിപ്പിറക്കി.

വിജയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിഎംകെ

അതിനിടെ വിജയ്ക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഡി എം കെ, ഗവ‍ർണറെ സമീപിച്ചതിനും ഇന്ന് തമിഴ്നാട് സാക്ഷ്യം വഹിച്ചു. അധികാരം നിലനിർത്താനായി വിജയ് കുതിരക്കച്ചവടത്തിന് ശ്രമിച്ചതായി ആർ എസ് ഭാരതി ആരോപിച്ചു. ഇക്കാര്യത്തിൽ വിജിലൻസ് കേസെടുത്ത് അന്വേഷിക്കണമെന്നാണ് ഡി എം കെ ഗവർണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. വൈക്കോയുടെ വെളിപ്പെടുത്തൽ തെളിവായി എടുക്കണമെന്നാണ് ഡി എം കെയുടെ ആവശ്യം. രണ്ട് എം എൽ എമാർ രാജിവയ്ക്കണമെന്നും ഉപതെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാമെന്നും വൈക്കോ എം ഡി എം കെ യോഗത്തിൽ പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതാണ് ഡി എം കെ ആയുധമാക്കിയിരിക്കുന്നത്.

YouTube video player