കരൂരിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം മുപ്പതോളം പേർ മരിച്ചു. അമ്പതിലേറെ പേർക്ക് പരിക്കേറ്റു. ജനക്കൂട്ടത്തിൽ നിരവധി പേർ കുഴഞ്ഞുവീണതാണ് ദുരന്തത്തിന് കാരണമായത്.
ചെന്നൈ: നടൻ വിജയ്‌യുടെ നേതൃത്വത്തിൽ കരൂരിൽ സംഘടിപ്പിച്ച തമിഴക വെട്രി കഴകത്തിൻ്റെ റാലി വൻ ദുരന്തമായി മാറിയത് മദ്രാസ് ഹൈക്കോടതി ഉന്നയിച്ച ആശങ്കയ്ക്ക് പിന്നാലെ. റാലിയിൽ ഇത്രയേറെ ജനം അണിനിരക്കുന്നത് അപകടത്തിന് കാരണമാകില്ലേയെന്നും ആളുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്താകുമെന്നും ഹൈക്കോടതി കഴിഞ്ഞയാഴ്ച ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിന്നും സംഘടനകളിലിൽ നിന്നും പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരമെന്നോണം മുൻകൂറായി പണം വാങ്ങാൻ സർക്കാരിന് കോടതി നിർദേശം നൽകിയത്.
ഇന്ന് കരൂരിൽ സംഘടിപ്പിച്ച റാലിയിൽ വലിയ ജനസാഗരമാണ് ഒഴുകിയെത്തിയത്. ഈ ജനക്കൂട്ടത്തിനിടയിലൂടെ ഒരു വലിയ ബസിന് മുകളിൽ നിന്നാണ് വിജയ് സംസാരിച്ചത്. തൊട്ടുപിന്നാലെയാണ് റാലി വൻ ദുരന്തമായി മാറിയത്. ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് കുട്ടികളടക്കം 30 ഓളം പേർ മരിച്ചിട്ടുണ്ട്. തിക്കിലും തിരക്കിലും പെട്ടാണ് മരണം. ആൾക്കൂട്ടത്തിൽ നിരവധി പേർ കുഴഞ്ഞുവീണതാണ് ദുരന്തത്തിലേക്ക് നയിച്ചത്.
പരിക്കേറ്റവരെയടക്കം എത്തിച്ചിരിക്കുന്നത് കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ്. തൊട്ടുപിന്നാലെ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സംസ്ഥാന സർക്കാരിലെ രണ്ട് മന്ത്രിമാരെ കരൂരിലേക്ക് അയച്ചിട്ടുണ്ട്. സെന്തിൽ ബാലാജി ഇതിനോടകം കരൂർ മെഡിക്കൽ കോളേജിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. തിരുത്തിയിൽ നിന്ന് 24 ഉം സേലത്ത് നിന്ന് 20 ഉം ഡോക്ടർമാരെ കരൂർ മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തുന്നുണ്ട്. പരിക്കേറ്റ 50 ലേറെ പേർ ഇപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരുമെന്നും ആശങ്കയുണ്ട്.



