ബിജെപിയുമായി സഖ്യത്തിലേക്കെന്ന വാർത്ത എഐഎഡിഎംകെ സ്പോൺസർ ചെയ്യുന്നതെന്ന് ടിവികെ

ചെന്നൈ: ബിജെപിയുമായി സഖ്യത്തിലാകുമെന്ന അഭ്യൂഹങ്ങൾ തള്ളി വിജയ്‌യുടെ പാർട്ടിയായ ടിവികെ. വർഗ്ഗീയ ശക്തികളുമായി ഒരിക്കലും കൈകോർക്കില്ലെന്ന് ടിവികെ വക്താവ് വീര വിഗ്നേശ്വരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിജയ്‌യുടെ സംസ്ഥാന പര്യടനം വൈകാതെ ഉണ്ടാകുമെന്നും വീര വ്യക്തമാക്കി.

ബിജെപി ആശയപരമായ എതിരാളികളാണെന്ന് വിഴുപ്പുറം സമ്മേളനത്തിൽ വിജയ് വ്യക്തമാക്കിയിരുന്നു. എന്നാൽ ബിജെപി, ഐഎഡിഎംകെ നേതാക്കൾ എൻഡിഎയിലേക്ക് ടിവികെയെ ക്ഷണിക്കുന്നത് പതിവുകാഴ്ചയാണ്. ശരിയായ സമയത്ത് പ്രഖ്യാപനം ഉണ്ടാകുമെന്ന അമിത് ഷായുടെ പരാമർശം കൂടിയായതോടെ അഭ്യൂഹങ്ങളും ശക്തമായി. എന്നാൽ സഖ്യനീക്കം സംബന്ധിച്ച വാർത്തകൾ ഡിഎംകെ സ്പോൺസേർഡ് എന്ന് തള്ളുകയാണ് ടിവികെ.

തമിഴ്നാടിനെ ഒരിക്കലും ദില്ലിക്കോ നാഗ്പൂരിനോ നിയന്ത്രിക്കാനാകില്ലെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തോട് വീര വിഗ്നേശ്വരൻ പ്രതികരിച്ചത്. വർഗ്ഗീയ ശക്തിയുമായി സഖ്യം ഉണ്ടാകില്ലെന്ന പറഞ്ഞ അദ്ദേഹം പാർട്ടി വേദികളിലെ വിജയുടെ അസാന്നിധ്യം ചർച്ചയാക്കേണ്ടതില്ലെന്നും പറഞ്ഞു. ജനനായകൻ ചിത്രീകരണം പൂർത്തിയായതിനാൽ ദളപതി ഉടൻ ജനങ്ങളിലേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2026ൽ ഡിഎംകെയെ വീഴ്ത്താനുള്ള സംഘടനാശേഷി ടിവികെ ആർജ്ജിച്ചുവരികയാണെന്നും വീര വിഗ്നേശ്വരൻ പ്രതികരിച്ചു.

YouTube video player