ഹിന്ദു ദേവതയെക്കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ അക്കൗണ്ടിനെതിരെ സ്വമേധയാ നടപടിയെടുക്കാത്തതില്‍ ട്വിറ്ററിനെ രൂക്ഷമായി വിമര്‍ശിച്ച് ദില്ലി ഹൈക്കോടതി. 

ദില്ലി: ഹിന്ദു ദേവതയെക്കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ അക്കൗണ്ടിനെതിരെ സ്വമേധയാ നടപടിയെടുക്കാത്തതില്‍ ട്വിറ്ററിനെ രൂക്ഷമായി വിമര്‍ശിച്ച് ദില്ലി ഹൈക്കോടതി. മറ്റ് മത വിശ്വാസികളുടെ വൈകാരിക വിഷയങ്ങളില്‍ ട്വിറ്ററിന് ആശങ്കയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എത്തീസ്റ്റ് റിപ്പബ്ലിക് എന്ന അക്കൗണ്ടില്‍ നിന്നാണ് കാളീദേവിയെ അപകീര്‍ത്തിപ്പെടുത്തി പരാമര്‍ശമുണ്ടായത്. ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ജഡ്ജി വിപിന്‍ സാംഘി തലവനായ ബെഞ്ച് ട്വിറ്ററിനെ വിമര്‍ശിച്ചത്.

നേരത്തെ ചില വ്യക്തികളെ ബ്ലോക്ക് ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതെങ്ങനെയാണെന്നും വിശദീകരിക്കാന്‍ ട്വിറ്ററിനോട് നിര്‍ദ്ദേശിച്ചു. മറ്റൊരു മതവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു സംഭവം നടന്നിരുന്നുവെങ്കില്‍ ട്വിറ്റര്‍ കൂടുതല്‍ ശ്രദ്ധിക്കുമായിരുന്നെന്നും കോടതി പറഞ്ഞു. ആത്യന്തികമായി ഒരുവിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുകയാണെങ്കില്‍ അത്തരം ഉള്ളടക്കം തടയണം. മറ്റ് മതങ്ങളിലെയും പാരമ്പര്യങ്ങളിലെയും വിശ്വാസികളുടെ വികാരത്തെക്കുറിച്ച് നിങ്ങള്‍ ശ്രദ്ധാലുക്കളല്ല. ഇത് മറ്റൊരു മതവുമായി ബന്ധപ്പെട്ടാണെങ്കില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുക്കളായേനേയെന്ന് ജസ്റ്റിസ് നവീന്‍ ചൗള പരാമര്‍ശിച്ചു. 

നിലവിലെ കേസിലെ ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്തിട്ടുണ്ടെന്നും പോസ്റ്റുകളുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ട്വിറ്ററിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര പറഞ്ഞു. ട്വിറ്ററിന് ഒരു വ്യക്തിയെയും തടയാന്‍ കഴിയില്ലെന്നും കോടതി ഉത്തരവില്ലാതെ ആക്ഷേപകരമായ ഉള്ളടക്കത്തിനെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിന്റെ വാദത്തെ കോടതി വിമര്‍ശിച്ചു. നിങ്ങളുടെ മറുപടി ഇതാണെങ്കില്‍ മിസ്റ്റര്‍ ഡൊണാള്‍ഡ് ട്രംപിനെ എങ്ങനെയാണ് ബ്ലോക്ക് ചെയ്തത്. അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ കഴിയില്ലെന്ന ട്വിറ്ററിന്റെ നിലപാട് പൂര്‍ണമായും ശരിയല്ലെന്നും കോടതി വ്യക്തമാക്കി. പരാതികള്‍ ലഭിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ നിലവിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ഹരീഷ് വൈദ്യനാഥന്‍ പറഞ്ഞു.

കേസിനാസ്പദമായ ഉള്ളടക്കം പരിശോധിച്ച് ഐടി ആക്ട് പ്രകാരം അക്കൗണ്ട് ബ്ലോക്ക് ചെയ്യണോ എന്ന് തീരുമാനിക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. കേസില്‍ കക്ഷികളായ ട്വിറ്റര്‍, കേന്ദ്ര സര്‍ക്കാര്‍, എത്തീസ്റ്റ് റിപ്പബ്ലിക് എന്ന ഐഡി എന്നിവരോട് അവരുടെ പ്രതികരണം അറിയിക്കാന്‍ കോടതി അറിയിച്ചു. കുറ്റകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്യില്ലെന്ന് എത്തീസ്റ്റ് റിപ്പബ്ലിക് അക്കൗണ്ട് ഉടമയില്‍നിന്ന് ഉറപ്പും എഴുതി വാങ്ങി. ട്വിറ്റര്‍ ഉപയോക്താവിന്റെ ഉറപ്പ് രേഖപ്പെടുത്തി. പറയാനുള്ള അവസരം നല്‍കാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ കഴിയില്ലെന്ന് എത്തീസ്റ്റ് റിപ്പബ്ലിക് അക്കൗണ്ട് ഉടമയുടെ അഭിഭാഷകന്‍ പറഞ്ഞു. 'എല്ലാ മതങ്ങളെയും നിരന്തരമായി അധിക്ഷേപിക്കുന്ന ട്വിറ്റര്‍ ഉപയോക്താവിനെ ബ്ലോക്ക് ചെയ്യണമെന്ന് ഹര്‍ജിക്കാരനായ ആദിത്യ സിംഗ് ദേശ്വാള്‍ ആവശ്യപ്പെട്ടു.