ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഒരേ സമയം രണ്ടിടത്താണ് ഭീകരർ ആക്രമണം നടത്തിയത്. ബുദ്ഗാമിൽ പവർ സ്റ്റേഷന് കാവൽ നിന്ന സിഐഎസ്എഫ് ജവാൻമാർക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. ഇതിൽ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു. 

പിന്നാലെ ഹന്ദ്വാരയിൽ സിആർപിഎഫ് ജവാൻമാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ജവാൻമാർ കൊല്ലപ്പെട്ടു. മേഖലയിൽ പെട്രോളിംഗ് നടത്തുകയായിരുന്ന സിആർപിഎഫ് ജവാൻമാർക്ക് നേരെ തീവ്രവാദികളുടെ സംഘം മറഞ്ഞിരുന്നു വെടിവെപ്പ് നടത്തുകയായിരുന്നുവെന്നാണ് വിവരം. ആക്രമണവിവരമറിഞ്ഞ് കൂടുതൽ സുരക്ഷാ സേന സ്ഥലത്ത് എത്തി പ്രദേശം വളഞ്ഞിരിക്കുകയാണ്. തീവ്രവാദികളുമായി രാത്രിയിലും ഏറ്റുമുട്ടൽ തുടരുകയാണ്.

ഹന്ദ്വാരയിൽ 24 മണിക്കൂറിനിടെ നീണ്ട സൈനിക ഓപ്പറേഷനിടെ കഴിഞ്ഞ ദിവസം കരസേനയിലെ ഒരു കേണലും മറ്റു നാല് സൈനികരും വീരമൃത്യു മരിച്ചിരുന്നു. ഈ സൈനിക ഓപ്പറേഷൻ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിലാണ് ഹന്ദ്വാര മേഖലയിൽ വീണ്ടുമൊരു ഭീകരാക്രമണം അരങ്ങേറുന്നത്.