ദില്ലി: കശ്മീര്‍ വിഷയത്തില്‍ ട്വീറ്റ് ചെയ്ത പാകിസ്ഥാന്‍ പ്രസിഡന്‍റ് ആരിഫ് അല്‍വിക്ക് ട്വിറ്റര്‍ നോട്ടീസയച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരിയാണ് പ്രസിഡന്‍റിന് ലഭിച്ച ഇ മെയിലിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതം പോസ്റ്റ് ചെയ്തത്. ട്വിറ്ററിന്‍റെ നടപടി അപക്വമാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് കശ്മീരില്‍ പ്രതിഷേധം നടക്കുന്നുവെന്ന് പറഞ്ഞ് പാക് പ്രസിഡന്‍റ് വീഡിയോ ഷെയര്‍ ചെയ്തത്.

വാര്‍ത്താവിനിമയ മന്ത്രി മുറാദ് സഈദിനും ട്വിറ്റര്‍ നോട്ടീസയച്ചതായി അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ അഭിപ്രായം പറയുന്ന പാക് പൗരന്മാരുടെ അക്കൗണ്ടുകളെ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍മീഡിയകള്‍ വിലക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളുടെ റീജ്യണല്‍ ഓഫിസുകളില്‍ ഇന്ത്യ ജീവനക്കാരായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും മുറാദ് സഈദ് ആരോപിച്ചു.