ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രസംഗങ്ങളില്‍ പറ്റുന്ന അബദ്ധങ്ങള്‍ ചിലപ്പോഴെക്കെ വലിയ തലവേദനയാകാറുണ്ട്. മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി മുതല്‍ തുടങ്ങിയതാണ് മോദിയുടെ നാവ് പിഴ. സോഷ്യല്‍ മീഡിയയില്‍ മോദിയുടെ അബദ്ധങ്ങള്‍ വലിയ ചര്‍ച്ചയുമാകാറുണ്ട്. അത്തരത്തിലുള്ള പുതിയ ചര്‍ച്ചയാണ് ട്വിറ്ററില്‍ ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു പുസ്തക പ്രകാശനത്തിനിടിയിലെ മോദിയുടെ പ്രസംഗമാണ് സോഷ്യല്‍ മീഡിയ എറ്റെടുത്തിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിനെ 1977 ല്‍ ദില്ലി വിമാനത്താവളത്തില്‍ വച്ച് കണ്ടെന്നും അദ്ദേഹവുമായി സൗഹൃദം സ്ഥാപിച്ചെന്നുമാണ് മോദി പ്രസംഗത്തിനിടെ പറഞ്ഞത്. അടല്‍ ബിഹാരിവാജ്പേയിക്കും അദ്വാനിക്കും വേണ്ടിയുള്ള പ്രോഗാം നാഗ്പൂരില്‍ സംഘടിപ്പിക്കാനായാണ് താന്‍ പോയതെന്ന് മോദി പ്രസംഗത്തില്‍ പറഞ്ഞു. ചന്ദ്രശേഖറുമായുള്ള അക്കാലത്തെ സൗഹൃദത്തെക്കുറിച്ചും മോദി വാചാലനായിരുന്നു. എന്നാല്‍ ട്വിറ്ററില്‍ മോദി പറഞ്ഞതെല്ലാം ചോദ്യം ചെയ്യപ്പെടുകയാണ്.

മോദി തന്നെ പറഞ്ഞ ജീവിത കഥ ഇങ്ങനെയല്ലായിരുന്നല്ലോ എന്ന ഓര്‍മ്മപ്പെടുത്തലാണ് ട്വിറ്ററില്‍ പലരും നടത്തുന്നത്. ഗുജറാത്തില്‍ വെറുമൊരു ചായ വില്‍പ്പനക്കാരനായിരുന്ന മോദി എങ്ങനെയാണ് ദില്ലി വിമാനത്താവളത്തില്‍ വച്ച് ചന്ദ്രശേഖറിനെ കാണുന്നതെന്നും പരിചയപ്പെടുന്നതെന്നും ചോദ്യമുണ്ട്. 77 കാലഘട്ടത്തില്‍ എംഎ പഠിക്കുകയായിരുന്നില്ലേ എന്നും ചിലര്‍ ചോദിക്കുന്നു. മാത്രമല്ല രാഷ്ട്രീയ രംഗത്ത് സജീവമായത് 80 കളിലാണെന്ന് മോദി പറഞ്ഞിട്ടുണ്ടെന്നും ചിലര്‍ ചൂണ്ടികാട്ടി. ഒരേ സമയത്ത് പലയിടത്ത് കാണുന്ന പ്രത്യേക തരം മനുഷ്യനാണോയെന്ന ചോദ്യങ്ങളും കുറവല്ല. ഒരേ സമയം നിരവധി കാര്യങ്ങള്‍ ചെയ്യുന്നയാളാണോ, അതോ എല്ലാം വ്യാജമാണോയെന്നും ചിലര്‍ ചോദിക്കുന്നു. 1990-91 കാലഘട്ടത്തിലാണ് ചന്ദ്രശേഖര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചത്.