ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലാൻഡ്‌ലൈൻ നമ്പർ ഉപയോ​ഗിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. ഹരിയാന വൈദ്യുത മന്ത്രി രഞ്ജിത് സിം​ഗ് ചൗടാലയെ കബളിപ്പിച്ച് മൂന്ന് കോടി തട്ടിയെടുക്കാനായിരുന്നു സംഘം ശ്രമിച്ചത്. അമിത് ഷായുടെ വീട്ടിലെയും ഓഫീസിലെയും ലാൻഡ് ഫോൺ നമ്പറുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.

ജഗ്താർ സിം​ഗ്, ഉപ്കാർ സിം​ഗ് എന്നിവരാണ് അറസ്റ്റിലായതെന്ന് ദില്ലി പൊലീസ് പറയുന്നു. എന്നാൽ കേസിൽ ഇവരുടെ പങ്ക് എന്താണെന്ന് വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല. ഡിസംബർ ആദ്യ വാരം ആഭ്യന്തരമന്ത്രിയുടെ ഒ.എസ്.ഡി സതീഷ് കുമാറിന്റെ പരാതിയെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കൃഷ്ണ മേനോൻ മാർഗിലുള്ള അമിത് ഷായുടെ വീട്ടിലെ ലാൻഡ് ഫോണിൽ നിന്നാണ് മന്ത്രിക്ക് ആദ്യം കോൾ വന്നത്. പാർട്ടി ഫണ്ടിലേക്ക് മൂന്ന് കോടി രൂപ നൽകണമെന്ന് ഫോൺ വിളിച്ചയാൾ ആവശ്യപ്പെട്ടു. എന്നാൽ, തുടർച്ചയായി കോളുകൾ വരാൻ തുടങ്ങിയതോടെ രഞ്ജിത് സിം​ഗ് അമിത് ഷായുടെ ഓഫീസുമായി ബന്ധപ്പെട്ടു. വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ ഇത്തരത്തിലൊരു ഫോൺകോൾ ചെയ്തിട്ടില്ലെന്നായിരുന്നു മന്ത്രിക്ക് ലഭിച്ച മറുപടി. 

ഫോൺവിളിച്ചവരുമായി ബന്ധപ്പെട്ട പൊലീസ് പണം വാങ്ങാനായി ഹരിയാന ഭവന് സമീപം എത്താൻ ആവശ്യപ്പെട്ടു. പണം കൈപ്പറ്റാൻ വന്നപ്പോഴായിരുന്നു ജഗ്താർ സിം​ഗ് അറസ്റ്റിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ വെള്ളിയാഴ്ച ചണ്ഡീഗഡിൽ വെച്ചാണ് ഉപ്കാർ സിം​ഗ് പിടിയിലാകുന്നത്.

അതേസമയം, വാർത്തയോട് പ്രതികരിച്ച രഞ്ജിത് സിം​ഗ് തനിക്ക് ഇത്തരത്തിലുള്ള കോളുകളൊന്നും ലഭിച്ചില്ലെന്നാണ് പറഞ്ഞത്. ആരും തന്നോട് പണം ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.