ബിഹാറിലെ നവാഡയിൽ മുറിക്കുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയിലും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തി

നവാഡ: ബിഹാറിലെ നവാഡയിൽ മുറിക്കുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയിലും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തി. തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. നിദ ഖാതൂൻ (32) എന്ന യുവതിയെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെ മക്കളായ സരിയ ഖാതൂൻ (4), സിദ്ര ഖാതൂൻ (2) എന്നിവരുടെ മൃതദേഹങ്ങളാണ് കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

മൃതദേഹങ്ങൾ കണ്ടെത്തിയ രീതിയിൽ സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. നിദയുടെ ശരീരത്തിന്‍റെ ചില ഭാഗങ്ങൾ കട്ടിലിൽ തട്ടിനിൽക്കുന്ന നിലയിലായിരുന്നു. അതിനാൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണോ എന്ന സംശയം ശക്തമാണ്. രണ്ടു കുട്ടികളും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ. വീടിന്‍റെ മുകളിലത്തെ നിലയിലെ മുറി ഏറെ നേരം പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ ജനലിലൂടെ നോക്കിയപ്പോഴാണ് കുട്ടികളെ മരിച്ച നിലയിലും നിദയെ തൂങ്ങിമരിച്ച നിലയിലും കണ്ടത്.

നിദയുടെ ഭർത്താവ് മുഹമ്മദ് ഷാഹിദ് കഴിഞ്ഞ ഒരു വർഷമായി സൗദി അറേബ്യയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയാണ്. ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് നിദയും മക്കളും താമസിച്ചിരുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഭവസ്ഥലത്തുനിന്ന് ഫോറൻസിക് തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മരണത്തിൽ കൊലപാതക സാധ്യതയടക്കം സമഗ്രമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

YouTube video player