പരീക്ഷ എഴുതാനായി കുട്ടികള്‍ സ്കൂളിലേക്ക് പോവുകയായിരുന്നു. എന്നും കയറാറുള്ള ബസിലല്ല കുട്ടികള്‍ കയറിയത്. ഡ്രൈവറേയും കണ്ടക്ടറേയും കൂടാതെ രണ്ടുപേരാണ് ബസില്‍ ഉണ്ടായിരുന്നത്.
ഭോപ്പാല്‍: ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ബസിലുണ്ടായിരുന്നവര്‍ ലൈംഗീക ചുവയോടെ സംസാരിച്ചതോടെ ബസില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനികള്‍. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. സ്കൂളിലേക്ക് പോവുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് ബസില്‍ മോശം അനുഭവം ഉണ്ടായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
തിങ്കളാഴ് രാവിലെ എട്ടരയോടെ പരീക്ഷ എഴുതാനായി കുട്ടികള്‍ സ്കൂളിലേക്ക് പോവുകയായിരുന്നു. എന്നും കയറാറുള്ള ബസിലല്ല കുട്ടികള്‍ കയറിയത്. ഡ്രൈവറേയും കണ്ടക്ടറേയും കൂടാതെ രണ്ടുപേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവര്‍ നാലുപേരും ചേര്‍ന്ന് കുട്ടികളോട് മോശമായി സംസാരിക്കുകയും വൃത്തികെട്ട ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു. പേടിച്ചുപോയ കുട്ടികള്‍ ബസ് നിര്‍ത്താന്‍ അവശ്യപ്പെട്ടു. എന്നാല്‍ കണ്ടക്ടര്‍ ഡോര്‍ ലോക്ക് ചെയ്യുകയാണുണ്ടായത്. സാഹചര്യം വഷളായതിനെ തുടര്‍ന്ന് കുട്ടികള്‍ ബസില്‍ നിന്ന് എടുത്ത് ചാടുകയായിരുന്നു എന്ന് അഡീഷണല്‍ സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് സന്ദീപ് മിശ്ര പറഞ്ഞു.
വീഴ്ചയില്‍ പരിക്കു പറ്റിയ പെണ്‍കുട്ടികളെ ദാമോ ജില്ലാ ആളുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും തലയ്ക്ക് പരിക്കേറ്റതായി ദാമോ ജില്ലാ ആശുപത്രിയിലെ ഡോക്ടർ ഐഷി ശ്രീവാസ്തവ പറഞ്ഞു. ഇപ്പോൾ അവരുടെ നില ഗുരുതരമല്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഡ്രൈവറേയും കണ്ടക്ടറേയും അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
